

ദൈവരഹസ്യത്തെ നമ്മുടെ ജീവിതങ്ങളുടെ കേന്ദ്രസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിക്കാന്‍ സഭ നമ്മോട് ആവശ്യപ്പെടുന്ന സമയമാണ് നോമ്പ്. നമ്മുടെ വിശ്വാസത്തെ നവീകരിക്കാനും ജീവിതത്തിന്റെ ആകുലതകളില്‍ നിന്ന് ഹൃദയങ്ങളെ മോചിപ്പിക്കാനും ഇത് ആവശ്യമാണ്. ദൈവത്തിന്റെ സ്വരം കേള്‍ക്കാനുള്ള ഒരു അവസരമാണ് നോമ്പ് നമുക്ക് പ്രദാനം ചെയ്യുന്നത്. ദൈവത്തിന്റെ വചനങ്ങള്‍ നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുവാന്‍ നമുക്ക് അനുവദിക്കാം.
മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിക്കാനുള്ള ആദ്യ വഴി അയാളെ കേള്‍ക്കാനുള്ള നമ്മുടെ സന്നദ്ധതയാണ്. ലോകത്തിന്റെ സഹനങ്ങളെ അറിയാനും അവയോട് പ്രതികരിക്കാനും നമ്മെ പഠിപ്പിക്കുന്നത് ദൈവവചനത്തിന്റെ കേള്‍വിയാണ്. മാനവ ചരിത്രത്തില്‍ ഉടനീളം നമ്മുടെ ജീവിതങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങളെയും സഭയെയും നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന ഒരു കരച്ചിലാണ് ദാരിദ്ര്യം.
നോമ്പുകാലത്ത് വിഭവസമൃദ്ധമായ ആഹാരം ഉപേക്ഷിക്കുന്ന താപസശൈലി മാനസാന്തര പാതയില്‍ ആവശ്യമാണ്. നോമ്പ് ശരീരത്തെ കൂടി ഉള്‍പ്പെടുത്തുന്നതുകൊണ്ട് വിശപ്പ് എന്താണെന്ന് മനസ്സിലാക്കാനും നമ്മുടെ നിലനില്‍പ്പിന് ആവശ്യമായവയെ തിരിച്ചറിയാനും നോമ്പ് സഹായിക്കുന്നു.
ഈ നോമ്പുകാലത്ത് വളരെ പ്രായോഗികവും എന്നാല്‍ അധികമാരും വിലമതിക്കാത്തതുമായ ഒരു വിട്ടുനില്‍ക്കല്‍ നമുക്ക് പരിശീലിക്കാം. മറ്റുള്ളവരെ ദ്രോഹിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാക്കുകളില്‍ നിന്നുള്ള വിട്ടുനില്‍ക്കലാണ് അത്. നമ്മുടെ ഭാഷയെ നമുക്ക് നിരായുധീകരിക്കാം. രൂക്ഷമായ പദങ്ങളും ക്രൂരമായ വിധിയെഴുത്തുകളും നമുക്ക് ഉപേക്ഷിക്കാം. മറ്റുള്ളവരെക്കുറിച്ച് അപവാദം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാം.
നമ്മുടെ വാക്കുകളെ അളന്നു തൂക്കി ഉപയോഗിക്കുകയും അവയില്‍ കാരുണ്യവും ആദരവും വളര്‍ത്തിയെടുക്കുകയും ചെയ്യുക. നമ്മുടെ കുടുംബങ്ങളിലും സുഹൃത്തുക്കള്‍ക്കിടയിലും ജോലി സ്ഥലത്തും സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ സംവാദങ്ങളിലും ക്രൈസ്തവ മാധ്യമങ്ങളിലും ക്രൈസ്തവ സമൂഹങ്ങളിലും, അനുകമ്പയും ആദരവും ഉള്ള വാക്കുകള്‍ വളര്‍ത്തിയെടുക്കാം. അപ്രകാരം വിദ്വേഷത്തിന്റെ വാക്കുകള്‍ പ്രത്യാശയുടെയും സമാധാനത്തിന്റെയും വാക്കുകള്‍ക്ക് വഴിമാറട്ടെ..
(ഫെബ്രുവരി 13-ന് പുറപ്പെടുവിച്ച നോമ്പുകാല സന്ദേശത്തില്‍ നിന്ന്)