
ലോകത്തിന്റെ കാഹളധ്വനികളില്‍ ഭ്രമിക്കുന്നവരാകരുതു നാം. ക്രിസ്തുവിന്റെ സ്വാതന്ത്ര്യം ഒഴുക്കിനെതിരെ നീന്താനുള്ള ധൈര്യം നമുക്കു നല്‍കുന്നു. ഇക്കാര്യം ഊന്നിപ്പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഒഴുക്കിനെതിരെ നീന്തുക. എപ്പോഴും മറ്റുള്ളവര്‍ക്കെതിരെ കുറ്റം വിധിക്കാനുള്ള അനുദിന പ്രലോഭനത്തെയല്ല ഒഴുക്കിനെതിരെ നീന്തുക എന്നതുകൊണ്ടുദ്ദേശിച്ചത്. നമ്മുടെ തന്നെ സ്വാര്‍ത്ഥതയുടെയും അടഞ്ഞ മനസ്ഥിതിയുടെയും എപ്പോഴും സമാനമനസ്‌കരോടു കൂടെയാകാനുള്ള പ്രവണതയെയുമാണ് ഉദ്ദേശിക്കുന്നത്.
അവ്യക്തമായ ഒത്തുതീര്‍പ്പുകളുണ്ടാക്കാതിരിക്കുക. സ്വതന്ത്രരും ആധികാരികതയുള്ളവരുമായിരിക്കുക. സമൂഹത്തിന്റെ വിമര്‍ശനാത്മക മനസാക്ഷിയായിരിക്കുക. വിമര്‍ശിക്കാന്‍ ഭയപ്പെടരുത്. ഞങ്ങള്‍ക്കു നിങ്ങളുടെ വിമര്‍ശനം ആവശ്യമുണ്ട്. ഉദാഹരണത്തിനു നിങ്ങളില്‍ പലരും പരിസ്ഥിതി മലിനീകരണത്തിന്റെ വിമര്‍ശകരാണ്. നമുക്കതാവശ്യമുണ്ട്. സ്വതന്ത്രരായി വിമര്‍ശിക്കുക. സത്യത്തെ പ്രതി തീക്ഷ്ണതയുള്ളവരായിരിക്കുക. ലോകത്തിന്റെ മനോഭാവത്തിന്റെ തടവറയിലല്ല നിങ്ങളെന്നു നിങ്ങള്‍ക്കപ്പോള്‍ പറയാന്‍ കഴിയും.
ക്രിസ്തുവിന്റെ രാജത്വതിരുനാള്‍ ദിവസം, 36-ാമത് ആഗോള യുവജനദിനാഘോഷത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ നിന്ന്