
നിത്യജീവന്‍ നല്‍കുന്ന രക്ഷയുടെ അപ്പം യേശുവിന്റെ മാംസം തന്നെയാണ്. താന്‍ ജീവനുള്ള അപ്പമാണെന്ന യേശുവിന്റെ വാക്കുകള്‍ ശ്രോതാക്കള്‍ക്ക് കഠിനവും ദുര്‍ഗ്രാഹ്യവുമായി തോന്നി. പലരും അതോടെ അവനെ അനുഗമിക്കാതെയാകുകയും ചെയ്തു. ഇന്നും ദിവ്യകാരുണ്യം ക്രിസ്തുവിന്റെ ശരീരവും രക്തവുമാണെന്ന വസ്തുത ഉതപ്പുണ്ടാക്കുന്നുണ്ട്. പലര്‍ക്കും അത് അംഗീകരിക്കാന്‍ വിഷമം തോന്നുന്നു. ഇതാണു സുവിശേഷത്തിന്റെ 'ഭോഷത്തമെന്ന്' വി. പൗലോസ് ശ്ലീഹാ വിശദീകരിച്ചത്. ഒരു കഷണം അപ്പത്തിന്റെ മുമ്പില്‍ മുട്ടു മടക്കുന്നതില്‍ ലോകത്തിന്റെ കണ്ണില്‍ എന്തര്‍ത്ഥമാണുള്ളത്? ഈ അപ്പം ആളുകള്‍ക്കു എങ്ങനെയാണു നല്ല പോഷണം നല്‍കുക? ക്രിസ്തുവിന്റെ വാക്കുകള്‍ നമ്മെയും അമ്പരപ്പിക്കുന്നില്ലെങ്കില്‍ നാം അവിടുത്തെ സന്ദേശത്തില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടാകാമെന്നാണ് അതിനര്‍ത്ഥം.
ദൈവത്തെ നാം തേടേണ്ടത് സ്വപ്നങ്ങളിലോ അധികാര മഹത്വങ്ങളുടെ ബിംബങ്ങളിലോ അല്ല. യേശുവിന്റെയും ഇതര ജനങ്ങളുടെയും മനുഷ്യത്വത്തിലാണ് നാം അവിടുത്തെ തിരിച്ചറിയേണ്ടത്. ദൈവം തന്നെത്തന്നെ മാംസവും രക്തവുമാക്കി. നമ്മെപ്പോലെ മനുഷ്യനാകുന്നിടത്തോളം സ്വയം താഴ്ത്തി. നമ്മുടെ പാപങ്ങളുടെ സഹനം ഏറ്റെടുക്കുവോളം സ്വയം എളിമപ്പെടുത്തി. അതുകൊണ്ട്, ജീവിതത്തിന്റെയോ ചരിത്രത്തിന്റെയോ വെളിയിലല്ല മറിച്ച് ക്രിസ്തുവിനോടും സഹോദരങ്ങളോടുമുള്ള ബന്ധത്തിലാണ് നാം അവിടുത്തെ തേടേണ്ടതെന്ന് ക്രിസ്തു ആവശ്യപ്പെടുന്നു.
(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)