ഭയപ്പെടേണ്ടതില്ല, ദൈവം നമ്മോടൊപ്പം നടക്കുന്നു

ഭയപ്പെടേണ്ടതില്ല, ദൈവം നമ്മോടൊപ്പം നടക്കുന്നു

ദൈവം സദാ നമുക്കൊപ്പം നടക്കുന്നു എന്ന ഉറച്ച ബോദ്ധ്യത്തോടെ നമുക്കു നിര്‍ഭയരായി നീങ്ങാം. പലപ്പോഴും അവിശ്വാസവും ആകാംക്ഷയും നമ്മെ തടവിലാക്കുന്നു. പരാജയഭീതിയും അംഗീകരിക്കപ്പെടുന്നില്ലെന്നും സ്‌നേഹിക്കപ്പെടുന്നില്ലെന്നും ഉള്ള ഭയപ്പാടും സ്വന്തം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന നിരാശയും ഒക്കെ നമുക്കുണ്ടാകാറുണ്ട്. ഈ ഭയപ്പാടുകളും ആകാംക്ഷയും മൂലം നാം പരിഹാരങ്ങള്‍ കണ്ടെത്താന്‍ തത്രപ്പെടുന്നു. സ്വത്തും പണവും കുന്നുകൂട്ടാന്‍ പരിശ്രമിക്കുന്നു. സുരക്ഷ നേടാന്‍ നോക്കുന്നു. ഒടുവിലെന്താകുന്നു? നാം നിരന്തരമായി ഉത്കണ്ഠയിലും ആകുലതയിലും കഴിയേണ്ടി വരുന്നു.

നിങ്ങള്‍ക്കു ശരിക്കും ആവശ്യമുള്ള സകലതും നല്‍കാനാഗ്രഹിക്കുന്ന പിതാവായ ദൈവത്തില്‍ വിശ്വസിക്കുക. തന്റെ പുത്രനെ, അവന്റെ രാജ്യത്തെ അവിടുന്നു നിങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. തന്റെ പരിപാലനയുമായി അവന നിങ്ങളെ സദാ അനുഗമിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ മേല്‍ കരുതലെടുക്കുന്നുണ്ട്. ഭയപ്പെടേണ്ട - നിങ്ങളുടെ ഹൃദയങ്ങള്‍ സദാ ചേര്‍ന്നു നില്‍ക്കേണ്ട ബോദ്ധ്യമാണിത്.

നമ്മുടെ ജീവിതം ദൈവത്തിന്റെ കരങ്ങളില്‍ സുരക്ഷിതമായതിനാല്‍ ആകുലപ്പെടേണ്ടതില്ല. എന്നാല്‍, ദൈവം കരുതലെടുക്കുന്നുണ്ട് എന്നു കരുതി, നാം അലസരാകുകയുമരുത്. മറിച്ചു ജാഗരൂകരായിരിക്കണം. മറ്റുള്ളവരുടെ ആവശ്യങ്ങളെ കുറിച്ച് അവബോധമുള്ളവരായിരിക്കണം. ദൈവം നമ്മെ ഏല്‍പിച്ചിരിക്കുന്നവയുടെ മേല്‍ നമുക്കു ഉത്തരവാദിത്വവും ഉണ്ടാകണം. നമ്മുടെ ജീവന്‍, വിശ്വാസം, കുടുംബം, ബന്ധങ്ങള്‍, ഭവനം, സൃഷ്ടിജാലം എന്നിവയിലെല്ലാം. നാം നിരവധി കാര്യങ്ങള്‍ ദൈവത്തില്‍ നിന്നു സ്വീകരിച്ചിട്ടുണ്ട്. അവയ്ക്കു നാം വേണ്ട കരുതലേകുന്നുണ്ടോ എന്നു സ്വയം ചോദിക്കണം. അവ നമ്മുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നതെന്ന് ആത്മപരിശോധന ചെയ്യണം.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org