
നമ്മുടെ ആശയങ്ങള്‍ ദൈവം ശരിവയ്ക്കുന്നതിനായി കാത്തുനില്‍ക്കാതെ ദൈവത്തിന്റെ സ്വരം ശരിയായ വിധത്തില്‍ ശ്രവിക്കാനാണ് നാം തയ്യാറാകേണ്ടത്. വിശ്വാസവും പ്രാര്‍ത്ഥനയും ശരിയാണെങ്കില്‍ അവ നമ്മുടെ മനസ്സും ഹൃദയവും തുറക്കുകയാണ് ചെയ്യുക, അടയ്ക്കുകയല്ല. നമ്മുടെ അഭിപ്രായങ്ങള്‍ ദൈവം ശരിവയ്ക്കുന്നതിനായി കാത്തുനില്‍ക്കുന്നത് ദൈവത്തെ കണ്ടുമുട്ടുന്നതിന് നമ്മെ സഹായിക്കുകയില്ല.
ദൈവത്തിന്റെ കൃപയും പ്രകാശവും ആകുന്ന ദാനത്തിലേക്കുള്ള നമ്മുടെ തുറവിയും അത് ഇല്ലാതാക്കുന്നു. നന്മയില്‍ വളരുന്നതിനും ദൈവഹിതം നിറവേറ്റുന്നതിനും പരാജയങ്ങളെയും പ്രതിബന്ധങ്ങളെയും മറികടക്കുന്നതിനും ദൈവത്തിന്റെ കൃപയും പ്രകാശവും നമുക്ക് ആവശ്യമാണ്.
ആന്തരികമായി ശരിയായ നിശ്ശബ്ദത പുലര്‍ത്താനും ദൈവത്തെ ശ്രവിക്കാനും വിശ്വാസ ജീവിതത്തില്‍ നാം പ്രാപ്തരാണോ എന്ന് ഓരോരുത്തരും സ്വയം പരിശോധിക്കണം. സ്വന്തം മനോഭാവങ്ങള്‍ക്കപ്പുറത്ത് ദൈവത്തിന്റെ സ്വരം സ്വാഗതം ചെയ്യാന്‍ നാം തയ്യാറാണോ? ദൈവസ്വരം വിശ്വസ്തതയോടെ ശ്രവിക്കാനും അവിടുത്തെ ഹിതം ധീരതയോടെ നിറവേറ്റാനും പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം നമ്മെ സഹായിക്കട്ടെ.
വെറുമൊരു തച്ചന്റെ മകനായ യേശു സ്വര്‍ഗത്തില്‍ നിന്ന് ഉള്ളതായിരിക്കില്ലെന്ന് യഹൂദര്‍ പരസ്പരം പറഞ്ഞു. ക്രിസ്തുവിന്റെ അമ്മയെയും ബന്ധുക്കളെയും അവര്‍ക്കറിയാം. അവര്‍ തികച്ചും സാധാരണക്കാരാണ്. ഇതുപോലെയുള്ള സ്വന്തം മുന്‍വിധികളും മുന്‍ധാരണവുമാണ് അവരുടെ വിശ്വാസത്തെ തടസ്സപ്പെടുത്തിയത്.
(ആഗസ്റ്റ് 11-ന് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ മധ്യാഹ്ന പ്രാര്‍ത്ഥനയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)