
ഞാന്‍ നിന്നെ എനിക്കാവശ്യമുള്ളത്ര ഉപയോഗിച്ചു, ഇനി താത്പര്യമില്ല, നിന്നെ പുറത്തേക്കു വലിച്ചെറിയുന്നു എന്നു പറയുന്നതാണു വലിച്ചെറിയല്‍ സംസ്‌കാരം. ബലഹീനരായ മനുഷ്യരാണ് പലപ്പോഴും ഇതിനു വിധേയരാകുന്നത് - ഗര്‍ഭസ്ഥശിശുക്കള്‍, വയോധികര്‍, സഹായമര്‍ഹിക്കുന്നവര്‍ എന്നിങ്ങനെ. പക്ഷേ മനുഷ്യരെ ഒരിക്കലും വലിച്ചെറിയരുത്. എല്ലാ മനുഷ്യരും പവിത്രവും അനന്യവുമായ ഓരോ ദാനങ്ങളാണ്, അവരുടെ പ്രായവും അവസ്ഥയും എന്തായിരുന്നാലും. മനുഷ്യജീവനെ എല്ലായ്‌പോഴും ആദരിക്കുക, വളര്‍ത്തുക. ജീവനെ വലിച്ചെറിയാതിരിക്കുക. കൂടുതല്‍ സമ്പന്നമായ സമൂഹങ്ങളിലാണ് വലിച്ചെറിയല്‍ സംസ്‌കാരം പ്രാമുഖ്യം നേടിയിരിക്കുന്നത്.
ഓരോ വര്‍ഷവും ലോകത്തിലെ ആകെ ഭക്ഷ്യോത്പാദനത്തിന്റെ മൂന്നിലൊന്നും പാഴായി പോകുന്നു. അനേകര്‍ ഓരോ വര്‍ഷവും വിശപ്പു മൂലം മരിക്കുമ്പോഴാണിത്. പ്രകൃതിവിഭവങ്ങള്‍ ഇതുപോലെ പാഴാക്കരുത്. വിഭവങ്ങളുടെ മേല്‍ കരുതലെടുക്കുകയും അത്യാവശ്യങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെടാത്ത വിധത്തില്‍ അതു പങ്കു വയ്ക്കുകയും വേണം. നമുക്കുള്ളത് പാഴാക്കാതെ നീതിയുടെയും ഉപവിയുടെയും പങ്കുവയ്ക്കലിന്റെയും പരിസ്ഥിതി വ്യാപകമാക്കണം. ആത്മാവില്‍ ദരിദ്രര്‍ എന്ന സുവിശേഷഭാഗ്യം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ദാനവും പാഴാക്കരുത് എന്നതു കൂടിയാണ്.
നാം ഓരോരുത്തരും നല്ലവരാണ്, നമുക്കുള്ള ദാനങ്ങള്‍ എന്തു തന്നെയായാലും. ഓരോ പുരുഷനും സ്ത്രീയും അവരുടെ കഴിവുകളില്‍ മാത്രമല്ല അന്തസ്സിലും സമ്പന്നരാണ്. അവര്‍ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നു, അമൂല്യരാണ്. നമുക്കുള്ളതിന്റെ അടിസ്ഥാനത്തിലല്ല, നാം ആയിരിക്കുന്നതിന്റെ പേരിലാണ് നാം അനുഗൃഹീതരായിരിക്കുന്നത് എന്ന് യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)