സന്തോഷമില്ലാതെ വിശുദ്ധിയില്ല

സന്തോഷമില്ലാതെ വിശുദ്ധിയില്ല

ഹൃദയത്തിലേയ്ക്കു നുഴഞ്ഞു കയറി ജീവിതത്തെ കാര്‍ന്നു തിന്നുന്ന കീടമാണ് ദുഃഖമെന്നു മരുഭൂമിയിലെ പിതാക്കന്മാരില്‍ ഒരാള്‍ പറഞ്ഞിട്ടുണ്ട്. ആഹ്ലാദമുള്ള ക്രിസ്ത്യാനിയാണോ അഥവാ, മരണവീട്ടിലെ മുഖമുള്ള വിഷാദിയായ ക്രിസ്ത്യാനിയാണോ എന്നോ എല്ലാവരും സ്വയം പരിശോധിക്കണം. സന്തോഷമില്ലാതെ വിശുദ്ധിയില്ല എന്നു മനസ്സിലിക്കണം. പരിശ്രമത്തിന്റെയും പരിത്യാഗത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം സൃഷ്ടിച്ചെടുക്കേണ്ട ഒരു ജീവിതപദ്ധതിയല്ല വിശുദ്ധി. എല്ലാത്തിലുമുപരി അതു ദൈവത്തിന്റെ പ്രിയസന്താനങ്ങളായിരിക്കുന്നുവെന്ന ആഹ്ലാദപൂര്‍വകമായ തിരിച്ചറിവാണ്. അതു മനുഷ്യര്‍ പിടിച്ചെടുക്കുന്ന ഒരു നേട്ടമല്ല. ദൈവത്തിന്റെ ദാനമാണ്. നാം വിശുദ്ധരാണ്, കാരണം, പരിശുദ്ധനായ ദൈവം നമ്മുടെ ജീവിതങ്ങളില്‍ വസിക്കാന്‍ വരുന്നു. അതുകൊണ്ട് നാം അനുഗൃഹീതരാണ്.
വിശുദ്ധരാകാന്‍ നാം സ്വീകരിക്കേണ്ട പാത സുവിശേഷഭാഗ്യങ്ങളുടേതാണ്. ദൈവരാജ്യത്തിലേയ്ക്കും സന്തോഷത്തിലേയ്ക്കുമുള്ള വഴി സുവിശേഷഭാഗ്യങ്ങള്‍ നമുക്കു കാണിച്ചു തരുന്നു. എളിമയുടെയും അനുകമ്പയുടെയും ബലഹീനതയുടെയും നീതിയുടെയും സമാധാനത്തിന്റെയും പാതയാണത്. ദരിദ്രര്‍ക്കും നീതിയ്ക്കു വേണ്ടി വിശക്കുന്നവര്‍ക്കും പീഡിതര്‍ക്കുമുള്ളതാണു സുവിശേഷഭാഗ്യങ്ങള്‍. ആന്തരീകമായി ദരിദ്രരായിരിക്കുക എന്നാല്‍ ദൈവത്തിന് ഉള്ളില്‍ ഇടം കൊടുക്കാന്‍ സ്വയം ശൂന്യരാകുക എന്നാണര്‍ത്ഥം. സമ്പന്നരും വിജയികളും സുരക്ഷിതരുമാണെന്നു സ്വയം കരുതുന്നവര്‍ ദൈവത്തില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സ്വയം അടച്ചു കളയുന്നു. ദരിദ്രരാണെന്നും സ്വയംപര്യാപ്തരല്ലെന്നും സ്വയം കരുതുന്നവരാകട്ടെ ദൈവത്തോടും അയല്‍ക്കാരോടും തുറവിയുള്ളവരായിരിക്കും.
(സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ ത്രികാലപ്രാര്‍ത്ഥനക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org