അവസാനവാക്ക് അന്ധകാരത്തിന്റേതായിരിക്കില്ല

അവസാനവാക്ക് അന്ധകാരത്തിന്റേതായിരിക്കില്ല

നമ്മുടെ കര്‍ത്താവ് ഉത്ഥാനം ചെയ്തവനാണ്. അവസാനവാക്കു പറയാന്‍ അന്ധകാരത്തെ അവന്‍ അനുവദിക്കുകയില്ല. പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ ഇത് ഓര്‍മിക്കുക എന്നതു സുപ്രധാനമാണ്. ചിലപ്പോള്‍ നമ്മുടെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ ജീവിതത്തില്‍ നാം അന്ധകാരത്തിലൂടെ കടന്നു പോകാറുണ്ട്. രോഗം, നിരപരാധികളുടെ സഹനം, മരണത്തിന്റെ നിഗൂഢത തുടങ്ങിയവയെല്ലാം നമ്മെ ഭയപ്പെടുത്താറുണ്ട്. ഇവിടെയെല്ലാം നമുക്കു വ്യത്യസ്തമായ ഒരു വീക്ഷണം ഉണ്ടാകേണ്ടിയിരിക്കുന്നു. ജീവിതരഹസ്യത്തെ പ്രകാശിപ്പിക്കുന്ന ഒരു വെളിച്ചം ചരിത്രത്തെ വ്യാഖ്യാനിക്കാന്‍ നമ്മെ സഹായിക്കുന്നു. പീഢാനുഭവവിജയത്തില്‍ നിന്നാണു ചരിത്രം തുടങ്ങുന്നത്. ക്രിസ്തുവുമായുള്ള സമാഗമത്തിന്റെ അനുഭവത്തിലേക്കാണു ക്രൈസ്തവരായ നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നത്. അതു നാം സ്വീകരിക്കുകയും എല്ലായിടവും പ്രകാശിപ്പിക്കാന്‍ അതുപയോഗിക്കുകയും വേണം.
ജനങ്ങളുടെ ഹൃദയങ്ങളിലെ ചെറുദീപങ്ങളെ പ്രകാശിപ്പിക്കുക. സുവിശേഷത്തിന്റെ ചെറുദീപങ്ങളായി മാറുക. ഇതാണ് ഒരു ക്രൈസ്തവന്റെ ദൗത്യം. ഉത്ഥാനത്തിനു ശേഷം ക്രിസ്തു ജനങ്ങളുടെ മുമ്പില്‍ രൂപാന്തരപ്പെട്ടു. അവിടുത്തെ മുഖം ജ്വലിക്കുകയും മേലങ്കികള്‍ തിളങ്ങുകയും ചെയ്തു. ഭയചകിതരായിരുന്ന മനുഷ്യര്‍ക്ക് അതു പ്രത്യാശയുടെ പ്രകാശം നല്‍കി. അന്ധകാരത്തിലൂടെ നടക്കാന്‍ സഹായിക്കുന്ന പ്രകാശം. മരണം എല്ലാത്തിന്റെയും അന്ത്യമല്ല. കാരണം, അത് ഉത്ഥാനത്തിന്റെ മഹത്വത്തിലേക്കു വാതില്‍ തുറക്കുന്നു.
വിശ്വാസത്തിന്റെ യാത്രയില്‍ കുരിശിന്റെ അപവാദങ്ങളെ നേരിടുമ്പോഴും സുവിശേഷത്തിന്റെ ആവശ്യങ്ങള്‍ക്കു മുമ്പിലും വീഴുന്നതു സാധാരണമാണ്. ജീവന്‍ നേടുന്നതിനേക്കാള്‍ സ്‌നേഹത്തിനും സേവനത്തിനും വേണ്ടി അതു നഷ്ടപ്പെടുത്താനാണല്ലോ സുവിശേഷം ആവശ്യപ്പെടുന്നത്. ആദ്ധ്യാത്മികമായ അലസത പാടില്ല. പ്രാര്‍ത്ഥനയുടെ "മനോഹരമായ ആത്മീയാനുഭൂതികള്‍" അനുഭവിക്കുന്നതു മാത്രമല്ല ക്രൈസ്തവജീവിതം. സഹോദരങ്ങള്‍ക്കിടയിലേക്കും നിത്യജീവിതത്തിലേക്കും സഹോദരങ്ങള്‍ക്കിടയിലേക്കും നമ്മെ കൊണ്ടുവരികയാണു ക്രിസ്തു ചെയ്യുന്നത്.

(ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവിലെ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org