
നാമോരോരുത്തര്‍ക്കും വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതി നിറവേറുന്നതു വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെയാണ്. ഈ പദ്ധതി എപ്പോഴും സ്‌നേഹത്തിന്റെ പദ്ധതിയാണ്. ഈ പദ്ധതിയനുസരിച്ചുള്ള ദൈവത്തിന്റെ വിളിയോടു പ്രതികരിക്കുന്നതാണ് ഏറ്റവും വലിയ ആനന്ദം.
ദൈവത്തിന്റെ ആദ്യത്തെ വിളി ജീവനിലേയ്ക്കാണ്. അതിലൂടെ നമ്മെ അവിടുന്നു വ്യക്തികളാക്കി മാറ്റുന്നു. പിന്നെ ദൈവം നമ്മെ വിശ്വാസത്തിലേയ്ക്കു വിളിക്കുന്നു. അതിലൂടെ നമ്മെ ദൈവമക്കളെന്ന നിലയില്‍ തന്റെ കുടുംബത്തിലെ അംഗങ്ങളാക്കുന്നു. ഒടുവില്‍ ദൈവം നമ്മെ പ്രത്യേകമായ ഒരു ജീവിതാന്തസ്സിലേയ്ക്കു വിളിക്കുന്നു. അതിലൂടെ നമ്മെ വിവാഹത്തിന്റെയോ പൗരോഹിത്യത്തിന്റെയോ സന്യാസത്തിന്റെയോ പാതയിലേയ്ക്കു നയിക്കുന്നു.
ദൈവത്തിന്റെ വിളി എപ്പോഴും സ്‌നേഹമാണ്. അതിനോടു സ്‌നേഹത്തോടെ വേണം എപ്പോഴും പ്രതികരിക്കാന്‍. ആയിരകണക്കിനു മാര്‍ഗങ്ങളിലൂടെ ദൈവത്തിന്റെ വിളി നമ്മിലേയ്ക്ക് എത്താം. ആളുകളിലൂടെയും സന്തോഷകരവും ദുഃഖകരമായ സംഭവങ്ങളിലൂടെയും ഈ വിളി എത്താം. ഭയം മൂലം വിളി തിരസ്‌കരിക്കാന്‍ പ്രേരണയുണ്ടായേക്കാം. കാരണം അത് നമ്മുടെ ആഭിമുഖ്യങ്ങള്‍ക്കു വിരുദ്ധമായും അസുഖകരമായും തോന്നിയേക്കാം. പക്ഷേ ദൈവത്തിന്റെ വിളി സ്‌നേഹമാണ്, എല്ലാ വിളിക്കു പിന്നിലും ദൈവത്തിന്റെ സ്‌നേഹം കണ്ടെത്താന്‍ ശ്രമിക്കണം.
(ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)