സഭ പുറത്തേക്കിറങ്ങണം

സഭ പുറത്തേക്കിറങ്ങണം

Published on

ആരെയും ഏതു സമയത്തും വിളിക്കുകയും തന്റെ രാജ്യത്തില്‍ ജോലിചെയ്യാന്‍ ക്ഷണിക്കുകയുമാണ് ദൈവത്തിന്റെ ശൈലി. അത് സ്വീകരിക്കാനും അനുകരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് സ്വന്തം ലോകത്തില്‍ അടച്ചുപൂട്ടി ഇരിക്കുകയല്ല, മറിച്ച്, "പുറത്തേക്കിറങ്ങുന്നു." ദൈവം നമ്മെ അന്വേഷിച്ച്, സദാ പുറത്തേക്കു പോകുന്നു. അവിടുന്ന് ഉള്ളില്‍ത്തന്നെ ഇരിക്കുകയല്ല. ആളുകളെ അന്വേഷിച്ച് നിരന്തരം പുറപ്പെടുന്നു. എന്തെന്നാല്‍ ആരും തന്റെ സ്‌നേഹപദ്ധതിക്ക് പുറത്താ കരുതെന്ന് അവിടുന്ന് അഭിലഷിക്കുന്നു.
നാനാവിധത്തിലുള്ള അതിരുകള്‍ക്കുള്ളില്‍ നിന്നു പുറത്തേക്കിറങ്ങാനും യേശു കൊണ്ടുവന്ന രക്ഷയുടെ വചനം സകലര്‍ക്കുമേകാനും നമ്മുടെ സമൂഹങ്ങളും വിളിക്കപ്പെട്ടിരിക്കുന്നു. അസ്തിത്വപരമായ അരികുകളില്‍ കഴിയുന്നവരോ, ക്രിസ്തുവുമായുള്ള സമാഗമത്തിന്റെ ശക്തിയും വെളിച്ചവും ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്തവരോ, അവ നഷ്ടപ്പെട്ടവരോ ആയവര്‍ക്ക് പ്രത്യാശ പ്രദാനം ചെയ്യുന്ന ചക്രവാളത്തിലേക്ക് സ്വയം തുറുന്നിടുക എന്നതാണ് ഇതിനര്‍ത്ഥം. സഭ ദൈവത്തെപ്പോലെയാകണം. സദാ പുറത്തേക്കിറങ്ങണം. സഭ പുറത്തേക്കിറങ്ങാത്ത പക്ഷം നിരവധിയായ തിന്മകളാല്‍ അവള്‍ രോഗഗ്രസ്തമാകും. എന്തുകൊണ്ടാണ് സഭയില്‍ ഈ തിന്മകള്‍ ഉള്ളത്? അത് അവള്‍ പുറത്തേക്കിറങ്ങാത്തതുകൊണ്ടാണ്. ഒരാള്‍ പുറത്തേക്കിറങ്ങുമ്പോള്‍ അപകട സാധ്യത ഉണ്ട് എന്നത് ശരിതന്നെ. പുറത്തേക്കിറങ്ങുന്നതിനാലും സുവിശേഷം പ്രഘോഷിക്കുന്നതിനാലും അപകടത്തില്‍പ്പെടുന്ന സഭയാണ് സ്വയം അടച്ചിട്ട് രോഗിയായിത്തീര്‍ന്ന സഭയെക്കാള്‍ നല്ലത്. ദൈവം സദാ പുറത്തുപോകുന്നു, എന്തെന്നാല്‍ അവിടുന്ന് പിതാവാണ്, അവിടുന്ന് സ്‌നേഹിക്കുന്നു. ഇതു തന്നെയാണ് സഭയും ചെയ്യേണ്ടത്, എല്ലായ്‌പോഴും പുറത്തേക്കിറങ്ങുക.
ദൈവം പരമാവധി വേതനം നല്കുന്നു. പകുതിയില്‍ നിറുത്തുന്നില്ല, മുഴുവനും നല്കുന്നു. മുന്തിരിത്തോട്ടത്തിലെ വേലക്കാരുടെ ഉപമയില്‍ യേശു പറയുന്നത് തൊഴിലിനെയും ന്യായമായ കൂലിയെയും കുറിച്ചല്ല, അത് മറ്റൊരു പ്രശ്‌നമാണ്. ഇവിടെ അവിടുന്ന് പരാമര്‍ശിക്കുന്നത് ദൈവരാജ്യത്തെക്കുറിച്ചും നിരന്തരം വിളിക്കുകയും സകലര്‍ക്കും പരമാവധി പ്രതിഫലം നല്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗീയ പിതാവിന്റെ നന്മയെ കുറിച്ചുമാണ്.
വാസ്തവത്തില്‍ ദൈവത്തിന്റെ പെരുമാറ്റരീതി ഇങ്ങനെയാണ്: സമയമോ ഫലമോ അല്ല, മറിച്ച് സന്നദ്ധതയാണ് ദൈവം നോക്കുന്നത്. തനിക്ക് സേവനം ചെയ്യുന്നതിലുള്ള ഉദാരതയാണ് അവിടുന്ന് നോക്കുന്നത്. അവിടുത്തെ പ്രവര്‍ത്തനം നീതിയെ ഉല്ലംഘിച്ചു നില്ക്കുകയും കൃപയില്‍ ആവിഷ്‌കൃതമാകുകയും ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ അത് നീതിക്ക് അപ്പുറമാണ്. സകലവും കൃപയാണ്. നമുക്കു കൃപ പ്രദാനം ചെയ്യുന്നതിലൂടെ അവിടന്ന് നാം അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ നമുക്കേകുന്നു. അതുകൊണ്ട് മാനുഷിക യുക്തിക്കനുസൃതം ചിന്തിക്കുന്നവന്‍, അതായത്, സ്വപ്രയത്‌നം കൊണ്ട് നേടിയ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്നവന്‍ മുന്നില്‍നിന്ന് പിന്നിലേക്കു പോകും.

(വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

logo
Sathyadeepam Online
www.sathyadeepam.org