ക്രൈസ്തവമായ പ്രത്യാശ ജീവിതത്തിന് അര്‍ത്ഥം പകരുന്നു

ക്രൈസ്തവമായ പ്രത്യാശ ജീവിതത്തിന് അര്‍ത്ഥം പകരുന്നു

ക്രിസ്തീയ പ്രത്യാശയുടെ ഏറ്റവും ആധികാരിക സാക്ഷികളാണ് വിശുദ്ധരും വാഴ്ത്തപ്പെട്ടവരും. കാരണം, അവര്‍ ആ പ്രത്യാശയെ അതിന്റെ പൂര്‍ണതയില്‍ ജീവിച്ചവരാണ്. പ്രത്യാശ ദൈവത്തില്‍ നിന്നുള്ള ദാനമാണ്. അതു നമ്മെ ജീവനിലേയ്ക്കും നിത്യമായ ആനന്ദത്തിലേയ്ക്കും നയിക്കുന്നു. നമ്മെ ജീവിതത്തില്‍ ഉറപ്പിച്ചു നിറുത്തുന്ന നങ്കൂരമാണ് പ്രത്യാശ.
വിശുദ്ധിയും സൗമ്യതയും കരുണയും തിരഞ്ഞെടുക്കുക. ദാരിദ്ര്യാരൂപിയിലും സഹനത്തിലും കര്‍ത്താവിനു സ്വയം സമര്‍പ്പിക്കുന്നതിനു തീരുമാനിക്കുക. സമാധാനത്തിനും നീതിക്കും വേണ്ടി പരിശ്രമിക്കുക. ഈ ലോകത്തിന്റെ മനോഭാവത്തിനെതിരെ, എല്ലാം കൈയടക്കുന്ന സംസ്‌കാരത്തിനെതിരെ, അര്‍ത്ഥശൂന്യമായ ആഹ്ലാദങ്ങള്‍ക്കെതിരെ, ഏറ്റവും ദുര്‍ബലരോടുള്ള അഹന്തയ്‌ക്കെതിരെ നീങ്ങുക എന്നാണ് ഇതിനര്‍ത്ഥം. വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമെല്ലാം സഞ്ചരിച്ചത് ഈ പാതയിലൂടെയാണ്. സകല വിശുദ്ധരുടെയും തിരുനാള്‍ വിശുദ്ധിയിലേയ്ക്കുള്ള വൈയക്തികവും സാര്‍വ്വത്രികവുമായ വിളിയെ കുറിച്ചു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായ എല്ലാവരും ഒരേപോലുള്ളവരല്ല. തനതായ വ്യക്തിത്വത്തിന് ഉടമകളായ അവര്‍ക്കു വൈവിദ്ധ്യപൂര്‍ണമായ ദാനങ്ങളാണുള്ളത്. സ്വന്തം വ്യക്തിത്വത്തിന് അനുസൃതമായി അവര്‍ വിശുദ്ധിയില്‍ വളര്‍ന്നു. ആ പാത സ്വീകരിക്കാന്‍ നമുക്കും കഴിയും.
ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യരുടെ മഹാകുടുംബത്തിന്റെ അമ്മയാണു പ. കന്യകാമറിയം. സകല വിശുദ്ധരുടെയും രാജ്ഞി എന്നു നാം അവളെ വിശേഷിപ്പിക്കുന്നു. സ്വപുത്രനെ സ്വീകരിക്കാനും അവിടുത്തെ അനുഗമിക്കാനും നമ്മെ പഠിപ്പിക്കുന്ന അമ്മയാണ് പ. മറിയം. സുവിശേഷഭാഗ്യങ്ങളുടെ പാതയിലൂടെ നടന്നു വിശുദ്ധിയ്ക്കായുള്ള ആഗ്രഹത്തെ പരിപോഷിപ്പിക്കാന്‍ നമുക്കു സാധിക്കട്ടെ.

(സകല വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാന്‍ അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനാമദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org