വയോധികര്‍ക്കു കരുതലേകുക; അവരുടെ സാന്നിദ്ധ്യവും പ്രാര്‍ത്ഥനയും അമൂല്യം

വയോധികര്‍ക്കു കരുതലേകുക; അവരുടെ സാന്നിദ്ധ്യവും പ്രാര്‍ത്ഥനയും അമൂല്യം

നമ്മുടെ ജീവിതങ്ങളെ പരിപോഷിപ്പിച്ച മുത്തശ്ശീമുത്തച്ഛന്മാര്‍ ഇപ്പോള്‍ നമ്മുടെ കരുതലിനും സ്‌നേഹത്തിനും സാമീപ്യത്തിനും വേണ്ടി കൊതിക്കുന്നു. നമുക്കു നമ്മുടെ കണ്ണുകളുയര്‍ത്തി അവരെ നോക്കാം, കാണാം.

അപ്പം വര്‍ദ്ധിപ്പിച്ചപ്പോള്‍ ബാക്കി വന്നത് യേശു ശേഖരിച്ചു. ഒന്നും പാഴാകുന്നില്ലെന്ന് അവിടുന്ന് ഉറപ്പാക്കുന്നുണ്ട്. ദൈവത്തിന്റെ കണ്ണുകളില്‍ ഒന്നും വലിച്ചെറിയപ്പെടാന്‍ ഉള്ളതല്ല. അല്‍പം ആഹാരം പോലും. അപ്പോള്‍ ഒരു വ്യക്തി ഒരിക്കലും അവഗണിക്കപ്പെടാന്‍ പാടില്ല. നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരും വയോധികരും ഒരിക്കലും ജീവിതത്തിലെ അവശിഷ്ടരോ അവഗണിക്കപ്പെടാവുന്ന പാഴ് വ്യക്തികളോ അല്ല.

വയോധികരുടെ പ്രാര്‍ത്ഥന വളരെ അമൂല്യമാണ്. സഭയ്ക്കും ലോകത്തിനും ഏറെ ആവശ്യമുള്ള ഗാഢശ്വാസമാണത്. യുവജനങ്ങള്‍ തങ്ങളുടെ മുത്തശ്ശീമുത്തച്ഛന്മാരെയും പ്രായമേറിയ ബന്ധുക്കളെയും അയല്‍വാസികളെയും സന്ദര്‍ശിക്കണം. നാം വളരുമ്പോള്‍ നമ്മെ സംരക്ഷിച്ചവരാണവര്‍. ഇപ്പോള്‍ അവരെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. അവരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക, ആവശ്യങ്ങള്‍ ശ്രദ്ധിക്കുക, അനുദിനജീവിതത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്യുക, ഒറ്റയ്ക്കായിപ്പോയി എന്നു തോന്നാതെ നോക്കുക എന്നിവയെല്ലാം യുവജനങ്ങളുടെ കടമയാണ്.

കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ നമുക്കു കരുതലേകിയവരാണ് മുത്തശ്ശീമുത്തച്ഛന്മാര്‍. നമ്മുടെ അടുത്ത് അവര്‍ തിരക്കു ഭാവിച്ചില്ല, ഉദാസീനത പുലര്‍ത്തിയില്ല. വളരുന്ന ഘട്ടത്തില്‍ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിട്ടപ്പോള്‍ അവര്‍ നമ്മുടെ മേല്‍ ദൃഷ്ടിയുറപ്പിച്ചു വയ്ക്കുകയും നമ്മെ മനസ്സിലാക്കുകയും ചെയ്തു. മുതിര്‍ന്നവരായി വളരുവാന്‍ അവരുടെ സ്‌നേഹം നമ്മെ സഹായിച്ചു. അവര്‍ക്കു വേണ്ടത്ര കരുതലേകിയില്ല എന്ന് ഒരിക്കലും പശ്ചാത്തപിക്കാന്‍ ഇടവരാതിരിക്കട്ടെ.

(മുത്തശ്ശീമുത്തച്ഛന്മാര്‍ക്കു വേണ്ടിയുള്ള ആദ്യത്തെ ആഗോളദിനാഘോഷത്തിന്റെ ഭാഗമായി വത്തിക്കാന്‍ സെ. പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പണമദ്ധ്യേ നല്‍കിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്. മാര്‍പാപ്പ എഴുതി നല്‍കിയ പ്രസംഗം ദിവ്യബലിക്കിടെ വായിക്കുകയായിരുന്നു. രണ്ടായിരത്തഞ്ഞൂറോളം വയോധികര്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം ദിവ്യബയിലില്‍ പങ്കെടുത്തു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org