പട്ടിണി മാനവരാശിയുടെ പരാജയം

പട്ടിണി മാനവരാശിയുടെ പരാജയം
Published on

പട്ടിണി അവസാനിപ്പിക്കുക എന്നത് ഏവരുടെയും ധാര്‍മ്മികമായ ഒരു ഉത്തരവാദിത്വമാണ്. ഇന്നും ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കേണ്ടിവരുന്നത് നാമുള്‍പ്പെടുന്ന മാനവരാശിയുടെ പരാജയമാണ്. ശുദ്ധജലവും ഭക്ഷണവും ചികിത്സയും സുരക്ഷിതമായ പാര്‍പ്പിടവും വിദ്യാഭ്യാസവും ലഭിക്കാത്ത അനേക ലക്ഷം ജനങ്ങള്‍ ഇന്നും ലോകത്തിലുണ്ട്. ഇത്തരം ആളുകളുടെ നിരാശയും കണ്ണീരും ദുരിതവും കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല. പട്ടിണിയെ യുദ്ധത്തിന്റെ ഒരു ആയുധമായി കണക്കാക്കി മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്.

ഉക്രെയ്ന്‍, ഗാസ, ഹൈതി, അഫ്ഗാനിസ്ഥാന്‍, മാലി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, യമന്‍, തെക്കന്‍ സുഡാന്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും യുദ്ധങ്ങളും മൂലം സഹനത്തിനും മരണത്തിനും വിധിക്കപ്പെട്ടു കഴിയുന്ന ജനതകളെ നമുക്ക് മറക്കാതിരിക്കാം. ഇത്തരം വേദനകളുടെയും ദുരിതങ്ങളുടെയും മുമ്പില്‍ അന്താരാഷ്ട്ര സമൂഹത്തിന് കണ്ണടച്ച് ഇരുട്ടാക്കാന്‍ ആകില്ല.

ലോകത്ത് നിലനില്‍ക്കുന്നതും മനുഷ്യനെ ഹനിക്കുന്നതുമായ പട്ടിണിക്കും പോഷകാഹാരക്കുറവിനും പരിഹാരം കണ്ടെത്തുക എന്നത് വ്യവസായികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും മാത്രം ചുമതലയല്ല. അതില്‍ നാമെല്ലാവരും പങ്കുചേരണം. ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹോദര തുല്യരായി കണ്ട് സഹായിക്കണം. ലോകത്ത് ഏതാണ്ട് 67 കോടിയിലധികം ജനങ്ങളാണ് വിശപ്പോടെ കിടന്നുറങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്.

  • (ലോക ഭക്ഷ്യ - കൃഷി സംഘടനയുടെ റോമിലെ ആസ്ഥാനത്തില്‍, ലോക ഭക്ഷ്യ ദിനം ആയിരുന്ന ഒക്‌ടോബര്‍ 16 ന് നടത്തിയ പ്രസംഗത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org