സാത്താന്‍ നമ്മെ അടിമയാക്കുന്നു; ഈശോ മോചിപ്പിക്കുന്നു

സാത്താന്‍ നമ്മെ അടിമയാക്കുന്നു; ഈശോ മോചിപ്പിക്കുന്നു

സാത്താന്‍ നമ്മുടെ ആത്മാക്കളെ ചങ്ങലകള്‍ കൊണ്ട് ബന്ധിക്കാനും പ്രലോഭനങ്ങള്‍ കൊണ്ട് അടിമയാക്കാനും ആഗ്രഹിക്കുന്നു. യേശുക്രിസ്തു ആകട്ടെ നമ്മെ എല്ലാ ചങ്ങലകളില്‍ നിന്നും സ്വതന്ത്രരാക്കാനാണ് വന്നത്. തിന്മയുടെ പ്രലോഭനങ്ങളെ നിഷേധിക്കുന്നത് എങ്ങനെയെന്ന് നാം പഠിക്കണം. അവ നമ്മുടെ ആത്മാക്കളിലേക്ക് നുഴഞ്ഞുകയറുന്നതിനു മുന്‍പ് നാം ഈശോയുടെ നാമം വിളിക്കണം. ഒരു പ്രലോഭനത്തെ നേരിടുമ്പോള്‍ സാത്താനുമായി വിലപേശലിനു നില്‍ക്കരുത്. തിന്മയുടെ ചങ്ങലയുടെ സ്പര്‍ശം അറിയുമ്പോള്‍ തന്നെ നാം യേശുവിനെ വിളിക്കണം.

നമ്മുടെ ജീവിതത്തില്‍ നിരവധി ചങ്ങലകളുണ്ട്. നമ്മെ അടിമപ്പെടുത്തുന്ന ആസക്തികള്‍ ഉണ്ട്. അതുകൊണ്ട് നമ്മള്‍ അസംതൃപ്തരും ഊര്‍ജം ക്ഷയിച്ചവരും നന്മകളും സ്‌നേഹവും ഇല്ലാത്തവരുമായി മാറുന്നു. പ്രലോഭനങ്ങള്‍ നമ്മുടെ സ്വയാദരവും ശാന്തിയും സ്‌നേഹത്തെ തിരഞ്ഞെടുക്കാനുള്ള കഴിവും നശിപ്പിക്കുന്നു. ഭയമാണ് മറ്റൊരു ചങ്ങല. ഭാവിയെ നിരാശയോടെയും അക്ഷമയോടെയും കാണാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു. എല്ലായ്‌പ്പോഴും മറ്റുള്ളവരില്‍ കുറ്റം ചാര്‍ത്തുന്നു.

അധികാരത്തിന്റെ ആരാധനയാണ് മറ്റൊരു വൃത്തികെട്ട ചങ്ങല. അത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും കൊലപാതകങ്ങളിലേക്ക് നയിക്കുകയും ചിന്തകളെ വഴിപിഴപ്പിക്കുകയും സാമ്പത്തിക അസമത്വങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു.

ചങ്ങലകളില്‍ നിന്നെല്ലാം നമ്മെ സ്വതന്ത്രരാക്കാനാണ് യേശു വന്നത്. സാത്താനെ പുറന്തള്ളാനുള്ള കരുത്ത് യേശുവിനുണ്ട്. തിന്മയുടെ ശക്തിയില്‍ നിന്നും യേശു നമ്മെ മോചിപ്പിക്കുന്നു. സാത്താനെ പുറത്താക്കുന്ന ഈശോ അവനുമായി സംഭാഷണത്തിന് നില്‍ക്കുന്നില്ല. മരുഭൂമിയിലെ പ്രലോഭനവേളയില്‍ സുവിശേഷത്തില്‍ നിന്നുള്ള വാക്കുകള്‍ മാത്രമാണ് യേശു മറുപടിയായി പറയുന്നത്. സാത്താനെ ദൂരെ പോവുക എന്നാണ് യേശു ഇന്നും പറയാന്‍ ആഗ്രഹിക്കുന്നത്. ലോകത്തെ, കുടുംബങ്ങളെ, സമൂഹങ്ങളെ വിഭജിക്കാതിരിക്കുക. അവര്‍ സമാധാനപൂര്‍വം ജീവിക്കട്ടെ. പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ സമൃദ്ധമായി ഉണ്ടാകട്ടെ, സ്‌നേഹവും സന്തോഷവും അവര്‍ക്കിടയില്‍ വാഴട്ടെ, അക്രമത്തിനും വിദ്വേഷത്തിനും പകരം സ്വാതന്ത്ര്യവും സമാധാനവും ഉണ്ടാകട്ടെ. ഇതാണ് ഈശോ പറയാനാഗ്രഹിക്കുന്ന വാക്കുകള്‍. എന്റെ ഹൃദയത്തെ വരിഞ്ഞുമുറുക്കുന്ന ചങ്ങലകളില്‍ നിന്ന് ഞാന്‍ ശരിക്കും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടോ, ഞാന്‍ യേശുവിനെ വിളിക്കുന്നുണ്ടോ, എനിക്കുവേണ്ടി പ്രവര്‍ത്തിക്കാനും എന്റെ ഉള്ളത്തെ സുഖപ്പെടുത്താനും ഞാന്‍ അവനെ അനുവദിക്കുന്നുണ്ടോ എന്നെല്ലാം നമുക്ക് സ്വയം ചോദിക്കാം.

  • (സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശന വേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org