മാറി നില്‍ക്കുക, പ്രതിഫലം ഇച്ഛിക്കാതിരിക്കുക

മാറി നില്‍ക്കുക, പ്രതിഫലം ഇച്ഛിക്കാതിരിക്കുക

മിശിഹായ്ക്ക് വഴി ഒരുക്കുന്നതിന് അയയ്ക്കപ്പെട്ടവനായിരുന്നു സ്‌നാപകന്‍, അത് അവന്‍ പൂര്‍ണ്ണ സമര്‍പ്പണത്തോടൂകൂടി ചെയ്തു. അതിന് അവന് ഒരു 'സമ്മാനം' നല്‍കപ്പെടുമെന്ന്, യേശുവിന്റെ പരസ്യജീവിതത്തില്‍ ഒരു പ്രമുഖ സ്ഥാനം നല്‍കപ്പെടുമെന്ന് മാനുഷികമായി ചിന്തിച്ചുപോകാം. എന്നാല്‍ അങ്ങനെയല്ല ഉണ്ടായത്. തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം, എങ്ങനെ മാറിനില്‍ക്കണമെന്ന് യോഹന്നാന് അറിയാമായിരുന്നു, യേശുവിന് ഇടം നല്‍കാനായി അവന്‍ രംഗത്തു നിന്ന് പിന്‍വാങ്ങുന്നു. പ്രവാചകനില്‍ നിന്ന് ശിഷ്യനിലേക്ക്. അവന്‍ ജനങ്ങളോട് പ്രസംഗിച്ചു, ശിഷ്യന്മാരെ ഒരുമിച്ചു ചേര്‍ക്കുകയും അവരെ വളരെക്കാലം പരിശീലിപ്പിക്കുകയും ചെയ്തു. എന്നിട്ടും അവന്‍ ആരെയും താനുമായി ബന്ധിച്ചു നിറുത്തുന്നില്ല. ഇത് ബുദ്ധിമുട്ടാണ്, പക്ഷേ ഇത് യഥാര്‍ത്ഥ പരിശീലകന്റെ അടയാളമാണ്: ആളുകളെ അവനവനുമായി ബന്ധിപ്പിക്കരുത്. യോഹന്നാന്‍ ചെയ്യുന്നത് ഇതാണ്: അവന്‍ തന്റെ ശിഷ്യന്മാരെ യേശുവിന്റെ കാലടികളിലാക്കുന്നു, തനിക്ക് ഒരു അനുയായി ഉണ്ടായിരിക്കാനും, പേരും പെരുമയും നേടാനും അവന് താല്‍പ്പര്യമില്ല.

തന്റെ ഈ സേവന മനോഭാവത്തിലൂടെ സ്‌നാപക യോഹന്നാന്‍ നമ്മെ സുപ്രധാനമായ ഒരു കാര്യം പഠിപ്പിക്കുന്നു: പദവികളോടും സ്ഥാനമാനങ്ങളോടും ആദരവ്, അംഗീകാരം, പാരിതോഷികം എന്നിവയോടും നാം എളുപ്പത്തില്‍ ആസക്തിയുള്ളവരാകാം. ഇത് സ്വാഭാവികമാണെങ്കിലും, ഒരു നല്ല കാര്യമല്ല. സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടിയല്ലാതെ, ഗൂഢലക്ഷ്യങ്ങളില്ലാതെ, പ്രതിഫലേച്ഛയില്ലാതെ അപരനെ പരിപാലിക്കുകയാണാവശ്യം. ജീവിതാധാരം യേശുവാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട്, യോഹന്നാനെപ്പോലെ, ഉചിതമായ നിമിഷത്തില്‍ സ്വയം പിന്മാറുക എന്ന പുണ്യം വളര്‍ത്തിയെടുക്കുന്നത് നമുക്കും ഗുണകരമാണ്. മാറിനില്‍ക്കല്‍, വിടചൊല്ലാന്‍ പഠിക്കല്‍. ഞാന്‍ ഈ ദൗത്യം പൂര്‍ത്തിയാക്കി, ഞാന്‍ ഈ സമാഗമം ഒരുക്കി, ഇനി ഞാന്‍ മാറി കര്‍ത്താവിന് ഇടം നല്കുന്നു. മാറി നില്‍ക്കാന്‍ പഠിക്കുക, പ്രതിഫലം പറ്റാതിരിക്കുക.

നായകനാകാനോ അല്ലെങ്കില്‍ സ്വാര്‍ത്ഥ താല്പര്യപൂരണത്തിനോ വേണ്ടിയല്ല, പ്രത്യുത, മറ്റുള്ളവരെ യേശുവിലേക്കാനയിക്കുന്നതിനായി, പ്രസംഗിക്കാനും കാര്‍മികനാകാനുമായി വിളിക്കപ്പെട്ട ഒരു പുരോഹിതനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്. ഏറെ ത്യാഗം സഹിച്ച് മക്കളെ വളര്‍ത്തുകയും എന്നാല്‍ പിന്നീട് ജോലിയിലും വിവാഹത്തിലും ജീവിതത്തിലും അവരുടേതായ പാത സ്വീകരിക്കാന്‍ അവരെ സ്വതന്ത്രരായി വിടേണ്ടിവരുകയും ചെയ്യുന്ന മാതാപിതാക്കളെ സംബന്ധിച്ചും ഇതു പ്രധാനമാണ്. 'ഞങ്ങള്‍ നിങ്ങളെ തനിച്ചാക്കില്ല' എന്ന് മക്കളോടു പറഞ്ഞുകൊണ്ട്, വിവേചനബുദ്ധിയോടെയും, കടന്നുകയറ്റം കൂടാതെയും, മാതാപിതാക്കള്‍ അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നത് മനോഹരവും ഉചിതവുമാണ്. വളരാനുള്ള സ്വാതന്ത്ര്യം നല്‍കുക. സൗഹൃദം, ദാമ്പത്യ ജീവിതം, സമൂഹജീവിതം എന്നിങ്ങനെയുള്ള മറ്റ് മേഖലകള്‍ക്കും ഇത് ബാധകമാണ്. ഒരാളുടെ അഹത്തോടുള്ള ആസക്തിയില്‍ നിന്ന് സ്വയം മോചിതനാകുകയും എങ്ങനെ മാറിനില്‍ക്കണമെന്ന് അറിയുകയും ചെയ്യുന്നതിന് ഏറെ വില നല്‌കേണ്ടിവരുമെങ്കിലും വളരെ പ്രധാനമാണ്: പ്രതിഫലം തേടാതെ, സേവന മനോഭാവത്തില്‍ വളരുന്നതിനുള്ള നിര്‍ണ്ണായക ചുവടുവയ്പാണ് ഇത്.

അഹത്തിന്റെ ആസക്തികളില്‍ നിന്ന് മുക്തരാകാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? സഹോദരീസഹോദരന്മാരേ, നമുക്ക് സ്വയം ചോദിക്കാന്‍ ശ്രമിക്കാം: മറ്റുള്ളവര്‍ക്ക് ഇടം നല്‍കാന്‍ നമുക്കു കഴിയുമോ? അംഗീകാരം അവകാശപ്പെടാതെ, അവരെ കേള്‍ക്കാന്‍, അവരെ സ്വതന്ത്രരാക്കാന്‍, അവരെ നമ്മളുമായി ബന്ധിക്കാതിരിക്കാന്‍ നാം പ്രാപ്തരാണോ? മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കുക, മറ്റുള്ളവര്‍ക്ക് ഇടം നല്‍കുക. നാം മറ്റുള്ളവരെ യേശുവിലേക്കാണോ അതോ നമ്മിലേക്കാണോ ആകര്‍ഷിക്കുന്നത്? വീണ്ടും, നമുക്ക് യോഹന്നാന്റെ മാതൃക പിന്‍ചെല്ലാം: ആളുകള്‍ അവരവരുടേതായ പാത സ്വീകരിക്കുകയും അവരുടെ വിളി പിന്തുടരുകയും ചെയ്യുമ്പോള്‍, അത്, നമ്മെ സംബന്ധിച്ചിടത്തോളം ചെറിയൊരു വേര്‍പിരിയല്‍ ഉള്‍പ്പെടുന്നതാണെങ്കിലും, അതില്‍, സന്തോഷിക്കാന്‍ നമുക്കറിയാമോ? അവരുടെ നേട്ടങ്ങളില്‍ നാം ആത്മാര്‍ത്ഥമായും അസൂയ കൂടാതെയും സന്തോഷിക്കുന്നുണ്ടോ?

(ത്രികാലപ്രാര്‍ത്ഥനക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org