സമൂഹമാധ്യമങ്ങളെക്കാള്‍ ദൈവവചനത്തില്‍ സമയം ചെലവഴിക്കുക

സമൂഹമാധ്യമങ്ങളെക്കാള്‍ ദൈവവചനത്തില്‍ സമയം ചെലവഴിക്കുക

അക്രമത്തിന്റെ വാക്കുകള്‍ക്ക് ശക്തി പകരുന്ന സമൂഹമാധ്യമങ്ങളെക്കാള്‍ ദൈവവചനത്തിന്റെ രക്ഷാകരശക്തിയില്‍ കൂടുതല്‍ സമയം ചെലവിടാന്‍ കത്തോലിക്കര്‍ തയ്യാറാകണം. സുവിശേഷം എപ്പോഴും നമ്മുടെ കയ്യെത്തും ദൂരത്ത് ഉണ്ടായിരിക്കണം. സമൂഹവും സമൂഹമാധ്യമങ്ങളും അക്രമത്തിന്റെ വാക്കുകളെ ശക്തിപ്പെടുത്തുമ്പോള്‍ നമുക്ക് ദൈവത്തിന്റെ ശാന്തമായ വാക്കുകളിലേക്ക് കൂടുതല്‍ അടുക്കാം. അവ രക്ഷ പ്രദാനം ചെയ്യുന്നതും മൃദുവും വലിയ ബഹളം ഉണ്ടാക്കാത്തതും നമ്മുടെ ഹൃദയങ്ങളിലേക്ക് പ്രവേശിക്കുന്നതുമായ വാക്കുകളാണ്.

സ്വയം കേന്ദ്രീകൃതരാകാതെ നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കാനും നമ്മുടെ പ്രയാണപഥങ്ങളെ മാറ്റിമറിക്കാനും ശീലങ്ങളെ പരിവര്‍ത്തനം ചെയ്യാനും അജ്ഞാതമായ പുതിയ ചക്രവാളങ്ങളിലേക്ക് നമ്മുടെ മനസ്സുകളെ തുറക്കാനും കഴിയുന്നതാണ് ദൈവവചനം. വിശുദ്ധ ആന്റണിയും വിശുദ്ധ അഗസ്റ്റിനും വിശുദ്ധ കൊച്ചുത്രേയുമെല്ലാം ദൈവവചന ഭാഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണ്. ഞാന്‍ എന്റെ പേര് സ്വീകരിച്ചിരിക്കുന്ന അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ദൈവവചനം വായിച്ചു ശേഷം, ഇതാണ് ഞാന്‍ തേടിക്കൊണ്ടിരുന്നത് എന്ന് സ്വന്തം ശിഷ്യരോട് പ്രഘോഷിച്ചത് നമുക്കറിയാം. അവരുടെ എല്ലാം ജീവിതങ്ങളെ ദൈവവചനം പരിവര്‍ത്തിപ്പിച്ചു.

ദൈവവചനത്തോട് ഉള്ള ബധിരത അവസാനിപ്പിച്ചാല്‍ നമ്മുടെ ജീവിതങ്ങളിലും ഇതേ മാറ്റം സംഭവിക്കും. ദൈവവചനത്തിന്റെ ശാന്തമായ ശക്തി ഇല്ലാതെ നമുക്ക് മുന്നോട്ടു പോകാന്‍ ആവില്ല. വ്യക്തിപരമായ സംഭാഷണങ്ങളില്‍ എന്നപോലെ അത് നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ആത്മാവിനെ സുഖപ്പെടുത്തുകയും ഈശോയുടെ സമാധാനം കൊണ്ട് നവീകരിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി ഇറങ്ങി പുറപ്പെടാന്‍ അത് നമ്മോട് ആഹ്വാനം ചെയ്യുന്നു. വചനം നമ്മെ മിഷനറിമാരും ദൈവത്തിന്റെ സന്ദേശ വാഹകരും സാക്ഷികളും ആക്കി മാറ്റുന്നു. സമൂഹമാധ്യമങ്ങളിലെ വാക്കുകളില്‍ മുങ്ങുമ്പോള്‍ യഥാര്‍ത്ഥ വചനത്തിനായി ദാഹിക്കുകയാണ് ലോകം.

  • (സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ 9 മതബോധകരെ അഭിഷേകം ചെയ്ത ചടങ്ങില്‍ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്നും)

logo
Sathyadeepam Weekly
www.sathyadeepam.org