
മലയില്‍ മോശയും ഏലിയായുമായി സംസാരിച്ചു നിന്ന രൂപാന്തരപ്പെട്ട യേശുവിന്റെ മുഖം സൂര്യനെ പോലെ ശോഭയുള്ളതും അവന്റെ വസ്ത്രങ്ങള്‍ പ്രകാശം പോലെ വെണ്മയുള്ളതുമായിരുന്നുവെന്ന് നാം വായിക്കുന്നു. അതേ സൗന്ദര്യം അനുദിനം നമുക്കൊപ്പം നടക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മുഖങ്ങളിലും നാം കാണണം. പ്രകാശമാനമായ എത്രയോ മുഖങ്ങള്‍, എത്രയോ പുഞ്ചിരികള്‍, എത്രയോ ചുളിവുകള്‍, എത്രയോ കണ്ണീരും വടുക്കളും നമുക്കു ചുറ്റും സ്‌നേഹം വെളിപ്പെടുത്തിക്കൊണ്ടു സ്ഥിതി ചെയ്യുന്നു! അവയെയെല്ലാം അംഗീകരിക്കാന്‍ നാം പഠിക്കണം. അവയെക്കൊണ്ടു നമ്മുടെ ഹൃദയങ്ങളെ നിറക്കണം. നാം സ്വീകരിച്ച ഈ പ്രകാശം മറ്റുള്ളവരിലേക്കു നല്‍കാന്‍ നാം പുറപ്പെടണം. നമ്മുടെ അനുദിനചര്യകളില്‍ കൂടുതല്‍ ഔദാര്യവും സ്‌നേഹവും സേവനവും ക്ഷമയും പ്രകടിപ്പിച്ചുകൊണ്ട് ഈ പ്രകാശം നാം മറ്റുള്ളവര്‍ക്കു സമ്മാനിക്കണം.
ദൈവത്തിന്റെ ഗാംഭീര്യവും സൗന്ദര്യവുമാണ് യേശുവില്‍ പ്രകാശിപ്പിക്കപ്പെട്ടത്. ക്രിസ്തുവില്‍ അവതീര്‍ണമായ ദിവ്യസ്‌നേഹത്തിന്റെ സൗന്ദര്യവും ശോഭയുമാണ് ശിഷ്യര്‍ കണ്ടത്. പറുദീസയുടെ ഒരു മുന്നാസ്വാദനം. സ്‌നേഹത്തിന്റെ മുഖം സ്വന്തം കണ്ണുകള്‍ കൊണ്ട് അവര്‍ കാണുകയായിരുന്നു. എത്രയോ സുന്ദരമാണതെന്ന അവബോധം അവര്‍ക്കതുവരെ ഉണ്ടായിരുന്നില്ല. അപ്പോള്‍ മാത്രമാണ് വലിയ സന്തോഷത്തോടെ അവരതു തിരിച്ചറിയുന്നത്.
രൂപാന്തരണത്തെ വെറുമൊരു അത്ഭുതമായി ചുരുക്കി കാണരുത്. അതിനേക്കാളൊക്കെ ആഴമേറിയ ചിലത് ആ സംഭവം പ്രകടമാക്കുന്നുണ്ട്. മരുഭൂമിയില്‍ ദീപസ്തംഭം പോലെ നമ്മുടെ യാത്രയെ വഴികാട്ടുന്ന പ്രകാശമാണു ക്രിസ്തു. ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു ശിഷ്യരെ അന്യവത്കരിക്കുന്ന സൗന്ദര്യമല്ല യേശുവിന്റേത്. മറിച്ച്, കുരിശിലേക്കുള്ള വഴിയില്‍ അവനെ അനുഗമിക്കാനുള്ള കരുത്ത് പകരുന്നതാണത്. അതെപ്പെഴും നിങ്ങളെ മുന്നോട്ടു നയിക്കുന്നു.
(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)