പരിത്യക്തരില്‍ ക്രിസ്തുവിനെ കാണുക, അവരെ പരിപാലിക്കുക

പരിത്യക്തരില്‍ ക്രിസ്തുവിനെ കാണുക, അവരെ പരിപാലിക്കുക

യേശു അനുഭവിച്ച അത്യധിക യാതനകള്‍, ഓരോ തവണയും പീഡാനുഭവ വിവരണം കേള്‍ക്കുമ്പോഴെല്ലാം നമ്മുടെ ഉള്ളിലേക്കു കടക്കുന്നു. അവ ശാരീരിക വേദനകളായിരുന്നു: കരണത്തടിയും പ്രഹരങ്ങളും ചമ്മട്ടിയടിയും മുള്‍ക്കിരീടവും കുരിശിലെ പീഡകളും നമ്മുടെ ചിന്തയിലെത്തുന്നു. ആത്മാവിന്റെ യാതനകളും ഉണ്ടായിരുന്നു: യൂദാസിന്റെ വഞ്ചന, പത്രോസിന്റെ നിഷേധം, മതപരവും പൗരപരവുമായ അപലപനങ്ങള്‍, കാവല്‍ക്കാരുടെ പരിഹാസം, കുരിശിന്‍ ചുവട്ടിലെ നിന്ദനങ്ങള്‍, പലരുടെയും തിരസ്‌കരണം, എല്ലാറ്റിന്റെയും പരാജയം, ശിഷ്യന്മാരുടെ കൈവിടല്‍. എന്നിട്ടും, ഈ വേദനയില്‍ എല്ലാം, യേശുവിന് ഒരു ഉറപ്പ് ഉണ്ടായിരുന്നു: പിതാവിന്റെ സാമീപ്യം. എന്നാല്‍ ഇപ്പോള്‍ അചിന്തനീയമായത് സംഭവിക്കുന്നു; ജീവന്‍ വെടിയുന്നതിനുമുമ്പ് അവിടന്ന് ഉച്ചത്തില്‍ നിലവിളിക്കുന്നു: 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തിന്?'.

ഇവിടെയാണ് കീറിമുറിക്കുന്ന യാതന, അത് ആത്മാവിന്റെ സഹനമാണ്: ഏറ്റവും ദാരുണമായ മണിക്കൂറില്‍ ദൈവം തന്നെ കൈവിട്ടതായ അനുഭവം യേശുവിന് ഉണ്ടാകുന്നു. തന്റെ പിതാവിന്റെ കൈവിടല്‍, ദൈവത്തിന്റെ കൈയൊഴിയല്‍. നമ്മോടുള്ള സ്‌നേഹത്തെ പ്രതി കര്‍ത്താവ് യാതനയനുഭവിക്കാന്‍ വരുന്നു, നമ്മെ സംബന്ധിച്ചിടത്തോളം ഇത് ഗ്രഹിക്കുക എളുപ്പമല്ല...

കഠിനമായ വേദനയുടെ നിമിഷങ്ങളില്‍ ബൈബിളില്‍ 'ഉപേക്ഷിക്കുക' എന്ന പദം പ്രത്യക്ഷപ്പെടുന്നു: പരാജിതവും തിരസ്‌കൃതവും ഒറ്റിക്കൊടുക്കപ്പെട്ടതുമായ സ്‌നേഹങ്ങളില്‍; തിരസ്‌കൃതരും അലസിപ്പിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളില്‍; നിരാകരണത്തിന്റെയും, വിധവത്വത്തിന്റെയും, അനാഥത്വത്തിന്റെയും സാഹചര്യങ്ങളില്‍; തകര്‍ന്ന വിവാഹബന്ധങ്ങളില്‍, സാമൂഹിക ബന്ധങ്ങളെ ഇല്ലാതാക്കുന്ന ഒഴിവാക്കലുകളില്‍, അനീതിയുടെ അടിച്ചമര്‍ത്തലിലും രോഗത്താലുള്ള ഏകാന്തതയിലും: ചുരുക്കിപ്പറഞ്ഞാല്‍, ബന്ധങ്ങളുടെ കടുത്ത വിള്ളലുകളില്‍. അവിടെ, ഈ വാക്ക് ഉപയോഗിക്കുന്നു: 'ഉപേക്ഷിക്കല്‍'. ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്തുകൊണ്ട് ക്രിസ്തു ഇത് കുരിശില്‍ സംവഹിച്ചു. അവിടന്ന്, ഏകജാതനായ പ്രിയ പുത്രന്‍, തനിക്ക് ഏറ്റവും അന്യമായ സാഹചര്യം അനുഭവിച്ചു: അതായത്, പരിത്യക്തത, ദൈവത്തില്‍ നിന്നുള്ള അകല്‍ച.

ഈ പരിത്യാഗമാണ് അവന്‍ എനിക്കു വേണ്ടി നല്‍കിയ വില. അങ്ങേയറ്റം വരെ, അവസാനം വരെ നമ്മോടൊപ്പമുണ്ടായിരിക്കാന്‍ അവിടന്ന് നമ്മോട് ഒന്നായിത്തീര്‍ന്നു. നമ്മെ ഏകാന്തതയുടെ ബന്ദികളാക്കാതിരിക്കാനും എന്നേക്കും നമ്മുടെ ചാരെ ആയിരിക്കാനും അവിടന്ന് പരിത്യക്തത അനുഭവിച്ചു. അവിടന്ന് എനിക്കായി, നിനക്കായി അതു ചെയ്തു, കാരണം ഞാനോ നീയോ മറ്റാരെങ്കിലുമോ പുറംതിരിഞ്ഞു നില്ക്കുന്നതായി കാണുമ്പോള്‍, പരിത്യക്തതയുടെ അഗാധ ഗര്‍ത്തത്തില്‍ വീണ് സ്തംഭനാവസ്ഥയിലായിരിക്കുമ്പോള്‍, ''എന്തുകൊണ്ട്'' എന്ന നിരവധിയായ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ചുഴിയില്‍ പെടുമ്പോള്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരിക്കുന്നതിനു വേണ്ടിയാണിത്.

ഉപേക്ഷിക്കപ്പെട്ടവനായ ക്രിസ്തു പരിത്യക്തരില്‍ അവനെ അന്വേഷിക്കാനും അവനെ സ്‌നേഹിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. കാരണം അവരില്‍ സഹായമര്‍ഹിക്കുന്നവര്‍ മാത്രമല്ല, അവിടന്നുമുണ്ട്. അവന്‍, പരിത്യക്തനായ യേശു, നമ്മുടെ മനുഷ്യാവസ്ഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങി നമ്മെ രക്ഷിച്ചവന്‍, അവരോടു കൂടെയുണ്ട്. മരണം വരെ ഉപേക്ഷിക്കപ്പെട്ട അവരോരുത്തരുടെയും കൂടെയുണ്ട്. തന്നോട് ഏറ്റവും സദൃശരായ സഹോദരീസഹോദരന്മാരെ, വേദനയുടെയും ഏകാന്തതയുടെയും അങ്ങേയറ്റം അനുഭവിക്കുന്നവരെ നാം പരിപാലിക്കണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു.

ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി കണ്ണും ഹൃദയവും തുറക്കാന്‍ പരിത്യക്തനായ യേശു നമ്മോട് ആവശ്യപ്പെടുന്നു. പരിത്യക്തന്റെ ശിഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം, ആരും പാര്‍ശ്വവത്കരിക്കപ്പെടരുത്, ആരും ഒറ്റയ്ക്കാക്കപ്പെടരുത്; കാരണം, തിരസ്‌കൃതരും ഒഴിവാക്കപ്പെട്ടവരുമായ ആളുകള്‍ ക്രിസ്തുവിന്റെ ജീവിക്കുന്ന പ്രതിരൂപങ്ങളാണ്. ഏകാന്തതയില്‍ കഴിയുന്നവരെ നമുക്ക് പരിപാലിക്കാം. അപ്പോള്‍ മാത്രമേ, നമുക്കുവേണ്ടി 'സ്വയം ശൂന്യവല്‍ക്കരിച്ചവന്റെ' ആഗ്രഹങ്ങളും വികാരങ്ങളും നാം സ്വന്തമാക്കൂ.

(ഓശാന ഞായറാഴ്ച നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org