
യഥാര്‍ഥ സമാധാനം നമ്മുടെ ഹൃദയങ്ങളിലും ചുറ്റുമുള്ള സമൂഹങ്ങളിലു മാണ് തുടക്കമിടുന്നത്. യുവജനങ്ങള്‍ മികച്ച ഭാവിയെ സ്വപ്നം കാണുകയും അത് പണിതീര്‍ക്കാന്‍ തീരുമാനി ക്കുകയും ചെയ്യുന്നു. ഉദാസീനതയ്ക്ക് കീഴ്‌പ്പെടാത്ത ലോകത്തിന്റെ അടയാളമാണ് യുവതലമുറ. അവര്‍ കുപ്പായക്കൈകള്‍ തെറുത്തു വച്ച് തിന്മയെ നന്മയായി പരിവര്‍ത്തിപ്പിക്കുന്നതിനായി പണിയെടുക്കുന്നു.
അന്താരാഷ്ട്ര നേതാക്കളുടെ കാര്യപരിപാടിയിലെ ഒരു ഇനമാണ് എന്നും സമാധാനം. ആഗോള ചര്‍ച്ചകളുടെ മുഖ്യവിഷയവും അതാണ്. പക്ഷേ ദുഃഖകരമെന്ന് പറയട്ടെ, സമാധാനം എപ്പോഴും വെറുമൊരു മുദ്രാവാക്യമായി ചുരുക്കപ്പെടുന്നു. നമ്മുടെ ഹൃദയങ്ങളിലും ബന്ധങ്ങളിലും നാം സമാധാനത്തെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. നമ്മുടെ അനുദിന കര്‍മ്മങ്ങളില്‍ സമാധാനം പൂവിടട്ടെ. നമ്മുടെ ഭവനങ്ങളിലും സമൂഹങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും സഭയിലും സഭകള്‍ക്കിടയിലും അനുരഞ്ജനത്തിനായി നാം പരിശ്രമിക്കണം.
ഒരു സമാധാന സ്ഥാപകനാകുക എന്നത് എളുപ്പമല്ല. സമാധാന സ്ഥാപനത്തിനും സാഹോദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പകരം അക്രമത്തിനുള്ള ന്യായീകരണമായി മത പാരമ്പര്യങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണ്. ദൈവത്തിന്റെ പരിശുദ്ധ നാമത്തെ അനാദരിക്കുന്ന ഈ ദൈവദൂഷണ രീതികളെ നാം തള്ളിപ്പറയണം.
വിശ്വാസികളെ സംബന്ധിച്ച് ഭാവി, മതിലുകളുടേതോ മുള്ളുവേലികളുടെതോ അല്ല, മറിച്ച് പരസ്പര സ്വീകരണത്തിന്റേതാണ്. ഭയപ്പെടാതിരിക്കുക. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ വളരുന്നിടത്ത് സ്വയം സമാധാനത്തിന്റെ വിത്തുകള്‍ ആവുക; ധ്രുവീകരണവും ശത്രുതയും നിലനില്‍ക്കുന്നിടത്ത് ഐക്യത്തിന്റെ നെയ്ത്തുകാര്‍ ആവുക; നീതിക്കും അന്തസ്സിനും വേണ്ടി ആവശ്യപ്പെടാന്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക; വിശ്വാസത്തിന്റെ ദീപവും ജീവന്റെ രുചിയും കെട്ടു പോകുന്നിടത്ത് ഉപ്പും പ്രകാശവും ആവുക.
(സെപ്റ്റംബര്‍ 5-ന് തന്നെ സന്ദര്‍ശിച്ച മെഡിറ്ററേനിയന്‍ യൂത്ത് കൗണ്‍സിലിന്റെ പ്രതിനിധികള്‍ക്കു നല്‍കിയ സന്ദേശത്തില്‍ നിന്നും)