സമൂഹമെന്ന നിലയിലും തെറ്റുകള്‍ തിരിച്ചറിയാനുള്ള സമയമാണ് വലിയ നോമ്പ്

സമൂഹമെന്ന നിലയിലും തെറ്റുകള്‍ തിരിച്ചറിയാനുള്ള സമയമാണ് വലിയ നോമ്പ്
Published on

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നോമ്പിന് സാമൂഹികമായ അര്‍ത്ഥം കൂടിയുണ്ട്. നോമ്പുകാലം വ്യക്തിപരമായ രീതിയില്‍ മാത്രമല്ല, ഒരു സമൂഹമെന്ന നിലയിലും തങ്ങളുടെ പാപങ്ങള്‍ തിരിച്ചറിയാനും, അനുരഞ്ജനപ്പെടാനുമുള്ള സമയമാണ്. തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിയുന്ന പ്രവാചക സ്വരമുള്ള ഒരു സമൂഹമായാണ് കത്തോലിക്കാസഭയും നിലനില്‍ക്കുന്നത്. പാപത്തിന്റെ വ്യക്തിപരമായ സ്വഭാവം നിലനില്‍ക്കെത്തന്നെ, സമൂഹമെന്ന നിലയില്‍ പാപത്തിന്റെ ഘടനകള്‍ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ മാത്രമല്ല, മതത്തില്‍ പോലും നിലനില്‍ക്കുന്നുണ്ട്.

തളര്‍ന്നിരിക്കുകയോ സ്വന്തം സ്ഥാനങ്ങളില്‍ സ്വസ്ഥമായി ഇരിക്കുകയോ അല്ല, വ്യക്തികളെന്ന നിലയിലും, സ്ഥാപനങ്ങളെന്ന നിലയിലും സമൂഹമെന്ന നിലയിലും തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഏറ്റുപറയുകയും, അനുതാപത്തിലൂടെ അനുരഞ്ജനത്തിലേക്ക് കടന്നുവരികയും ചെയ്യുകയാണു പ്രധാനം.

നോമ്പുകാലം വിചിന്തനത്തിനും ആധികാരികമായ ജീവിത നവീകരണത്തിനുമുള്ള ഒരു അനുകൂല സമയമാണ്. ഇത് നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തെയും പ്രഘോഷണത്തെയും കൂടുതല്‍ വിശ്വസനീയമാക്കാനുള്ള അനുരഞ്ജനത്തിന്റെ അവസരമാണ് നല്‍കുന്നത്.

നോമ്പുകാലത്തിന്റെയും ക്രൈസ്തവവിശ്വാസത്തിന്റെയും സാമൂഹികമാനവുമായി ബന്ധപ്പെട്ട്, നെറ്റിയില്‍ പൂശുന്ന ചാരത്തില്‍ സഹനത്തിലൂടെയും യുദ്ധങ്ങളിലൂടെയും കടന്നുപോകുന്ന ലോകത്തിന്റെ പ്രാതിനിധ്യവും ഭാരവും കൂടിയുണ്ട്. തങ്ങളുടെ പാപങ്ങള്‍ തിരിച്ചറിഞ്ഞ് അനുരഞ്ജനപ്പെടുന്നത് പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവും സാക്ഷ്യവുമാണ്. ചാരത്തില്‍ തുടരാനല്ല, അതില്‍നിന്ന് ഉയര്‍ന്നെഴുന്നേല്‍ക്കാനും പുനരുദ്ധരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

(റോമിലെ വി. സബീന ബസിലിക്കയില്‍ വിഭൂതിബുധനാഴ്ചയിലെ കര്‍മ്മങ്ങളുടെ ഭാഗമായി നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)

logo
Sathyadeepam Online
www.sathyadeepam.org