
സ്വഭാവത്താലേ പ്രേഷിതയായ സഭയില്‍ അംഗങ്ങളായ എല്ലാവര്‍ക്കും പ്രേഷിത ദൗത്യം മുന്‍പോട്ടു കൊണ്ടുപോകുവാനുള്ള കടമയുണ്ട്. പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിച്ചുകൊണ്ട് യേശുവിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ ലോകത്തിലേക്ക് അയക്കപ്പെടുന്ന ഓരോ ക്രിസ്ത്യാനിയും, സുവിശേഷത്തിന്റെ സന്തോഷം മുറിവേറ്റ ഹൃദയങ്ങളിലേക്ക് പകരണം.
ഈ ശിഷ്യത്വം കൈവരുന്നത് ക്രിസ്തുസ്‌നേഹത്തിനു നമ്മെ തന്നെ വിട്ടുകൊടുക്കുമ്പോഴാണ്. അങ്ങനെ യേശുവിന്റെ വിലാവില്‍ നിന്നുമൊഴുകുന്ന കരുണയുടെയും,സാന്ത്വനത്തിന്റെയും വാഹകരായി നമുക്ക് മാറുവാന്‍ സാധിക്കും.അതിനാല്‍ നമ്മുടെ ബലഹീനവും കുത്തഴിഞ്ഞതുമായ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ വരവിനായി നാം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം.
ക്രിസ്തുഹൃദയത്തെ പറ്റിയുള്ള ആഴമായ ധ്യാനത്തില്‍നിന്നുമാണ് മനുഷ്യകുലത്തിനു വേണ്ടിയുള്ള ദൈവികപദ്ധതി മനസ്സിലാക്കുവാന്‍ നമുക്ക് സാധിക്കുക. അവന്റെ വിലാവിന്റെ മുറിവാണ് ദൈവപിതാവിന്റെ സ്‌നേഹത്തിന്റെ അളവുകോല്‍. മാനുഷികമായ നമ്മുടെ കുറവുകളാല്‍ ദൈവത്തിങ്കലേക്കു നാം സൃഷ്ടിച്ച ദൂരം കണക്കാക്കുന്നതും അതുവഴിയാണ്. എന്നാല്‍ നമ്മുടെ വീഴ്ചകളിലും നമ്മെ അവന്‍ എഴുന്നേല്‍പ്പിക്കുകയും, നവജീവന്‍ കൊണ്ട് നമ്മെ നിറയ്ക്കുകയും ചെയ്യും.
പിതാവു നമ്മോട് കാണിക്കുന്ന ഈ സ്‌നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്കുകയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യണ്ടത്. അതിനാല്‍ നാം ക്രിസ്തുഹൃദയത്തിന്റെയും, ദൈവപിതാവിന്റെ സ്‌നേഹത്തിന്റെയും അടയാളമായി ഈ ലോകത്തില്‍ പ്രേഷിതരായി മാറണം.
പൊന്തിഫിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ദേശീയ അധ്യക്ഷന്മാരോടും സുവിശേഷവത്ക്കരണ കാര്യാലയത്തിന്റെ അംഗങ്ങളോടും നടത്തിയ സംഭാഷണത്തില്‍ നിന്ന്.