സുവിശേഷവെളിച്ചത്തില്‍ സഭ നവീകരിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കുക

സുവിശേഷവെളിച്ചത്തില്‍ സഭ നവീകരിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കുക

സുവിശേഷത്തിന്റെ വെളിച്ചത്തില്‍ തന്നെ നവീകരിക്കാനുള്ള കൃപ പരിശുദ്ധാത്മാവില്‍ നിന്നു സഭയ്ക്കു ലഭിക്കട്ടെ. സഭയ്ക്കുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. സഭയുടെ സവിശേഷമായ ദൗത്യം സുവിശേഷവത്കരണമാണ്. ആളെക്കൂട്ടലല്ല അത്. വിളി സുവിശേഷവത്കരണമാണ്. സഭയുടെ തനിമയും അതു തന്നെയാണ്. അനുദിന ജീവിതത്തിലെ ദൈവത്തിന്റെ ഹിതം വിവേചിച്ചറിഞ്ഞുകൊണ്ടു മാത്രമേ സഭയെ നമുക്കു നവീകരിക്കാന്‍ കഴിയുകയുള്ളൂ.
വ്യക്തികളെന്ന നിലയില്‍ നമ്മുടെ തന്നെ നവീകരണമാണ് സഭയുടെ പരിവര്‍ത്തനമായി മാറുന്നത്. മുന്‍വിധി നിറഞ്ഞ ആശയസംഹിതകളോ പ്രത്യയശാസ്ത്ര ശാഠ്യങ്ങളോ കാര്‍ക്കശ്യമോ ഇല്ലാതെ, ആത്മീയാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു നീങ്ങിക്കൊണ്ട് നമുക്കു നമ്മെത്തന്നെ നവീകരിക്കാം. അപ്രകാരം, സഭയുടെ നവീകരണത്തിനു നമുക്കു തുടക്കമിടാം. യേശു നമ്മെ പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കാന്‍ നമ്മുടെ ഹൃദയങ്ങളിലെ ദൈവദാനമായ പരിശുദ്ധാത്മാവിനെ അനുവദിക്കുക.

സഭയില്‍ എപ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. സഭ സദാ പ്രതിസന്ധിയിലായിരുന്നു. കാരണം, സഭയ്ക്കു ജീവനുണ്ട്. ജീവനുള്ളവയെല്ലാം പ്രതിസന്ധികളിലൂടെ കടന്നുപോകും. മരിച്ചവര്‍ക്കു മാത്രമേ പ്രതിസന്ധികളില്ലാതിരിക്കുകയുള്ളൂ. സഭയ്ക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

(ആഗസ്റ്റ് മാസത്തെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം അറിയിച്ചുകൊണ്ടു പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org