
തീര്‍ഥാടനം നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. കാരണം, അത് നമ്മെ നമ്മുടെ വീടുകളില്‍ നിന്നും അനുദിനചര്യകളില്‍ നിന്നും മാറ്റിനിര്‍ത്തുകയും ദൈവത്തെ കൂടുതല്‍ ആഴത്തില്‍ അഭിമുഖീകരിക്കുന്നതിനുള്ള സമയവും ഇടവും നല്‍കുകയും ചെയ്യുന്നു.
ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മെ വളരാന്‍ സഹായിക്കുന്നു. കാരണം യേശുക്രിസ്തുവിന്റെ ഹൃദയവും മനസ്സുമായി നമ്മുടേതിനെ കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ പരിശുദ്ധാത്മാവ് നമ്മെ ഒരുക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്.
നമ്മെ ഓരോരുത്തരെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് ഓരോ ലക്ഷ്യത്തോടെയും ദൗത്യത്തോടെയുമാണ്. തീര്‍ഥാടനത്തിന്റെ സന്ദര്‍ഭങ്ങള്‍ ഉപയോഗിച്ച് ദൈവത്തിന്റെ സ്വരം കൂടുതല്‍ വ്യക്തമായി കേള്‍ക്കാന്‍ നാം ശ്രമിക്കണം. ഇക്കാലത്ത് പലപ്പോഴും ശരിക്കും ശ്രവിക്കാനുള്ള നമ്മുടെ കഴിവാണ് നഷ്ടമാകുന്നത്.
നാം സംഗീതം കേള്‍ക്കുന്നു, ഡിജിറ്റല്‍ സങ്കേതങ്ങളില്‍ നിന്നുള്ള എല്ലാത്തരം ശബ്ദങ്ങളും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, നമ്മുടെ തന്നെ ഹൃദയസ്വരത്തെ കേള്‍ക്കാന്‍ നാം മറന്നു പോകുന്നു. നമ്മുടെ ഹൃദയങ്ങളിലാണ് ദൈവം നമ്മോട് സംസാരിക്കുന്നത്.
യേശുവിനോട് വ്യക്തിപരമായ ഒരു ബന്ധം വളര്‍ത്തിയെടുക്കുക. അവനെ കൂടുതല്‍ നന്നായി അറിയാനും അവന്റെ സ്‌നേഹത്തില്‍ ജീവിക്കാനുമാണ് ദൈവം നമ്മെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്.
ഈ വിശ്വാസത്തിന്റെ ദാനം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും നമുക്ക് കടമയുണ്ട്. നൂറ്റാണ്ടുകളിലൂടെ ഉണ്ടായിട്ടുള്ള, അസംഖ്യം വിശുദ്ധരും രക്തസാക്ഷികളും ചെയ്തത് ഇതാണ്.
(ജൂലൈ അഞ്ചിന് ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് റോമിലെത്തിയ യുവ വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന തീര്‍ഥാടക സംഘത്തോട് നടത്തിയ പ്രഭാഷണത്തില്‍ നിന്നും)