തിന്മയ്ക്കും അക്രമത്തിനും കീഴടങ്ങരുത്!

തിന്മയ്ക്കും അക്രമത്തിനും കീഴടങ്ങരുത്!

സമാധാനത്തെ കുറിച്ചു നമ്മോടു പറയാന്‍ യേശുവിനു മാത്രമേ അവകാശമുള്ളൂ. കാരണം, യേശു നമ്മുടെ മുറിവുകളാണ് ഏറ്റിരിക്കുന്നത്. നമ്മുടെ പാപങ്ങള്‍ കൊണ്ടും ഹൃദയകാഠിന്യം കൊണ്ടും സഹോദരവിദ്വേഷം കൊണ്ടും നാമേല്‍പിച്ച മുറിവുകള്‍. തന്റെ ഉത്ഥാനം ചെയ്ത ശരീരത്തില്‍ നിന്ന് അവിടുന്ന് ആ മുറിവുകള്‍ ഒഴിവാക്കിയില്ല. നമ്മോടുള്ള സ്‌നേഹത്തിന്റെയും നിത്യമായ മാദ്ധ്യസ്ഥത്തിന്റെയും മുദ്രയാണ് ആ മുറിവുകള്‍. നമുക്കു വേണ്ടി അവിടുന്നു നടത്തിയ പോരാട്ടത്തിന്റെയും അതില്‍ സ്‌നേഹം കൊണ്ടു നേടിയ ജയത്തിന്റെയും അടയാളമാണത്.

യുദ്ധത്തിന്റെ ഈ ഈസ്റ്ററില്‍ ധാരാളം രക്തവും അക്രമവും നാം കണ്ടു കഴിഞ്ഞു. നമ്മുടെ ഹൃദയങ്ങള്‍ ഭയം കൊണ്ടും ആശങ്ക കൊണ്ടും നിറഞ്ഞിരിക്കുന്നു. യേശു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു എന്നു വിശ്വസിക്കാന്‍ നാം ബുദ്ധിമുട്ടുന്നു. അതൊരു ഭ്രമകല്‍പനയാണോ, ഭാവനയാണോ? അല്ല. ഈസ്റ്റര്‍ പ്രഖ്യാപനത്തിന്റെ പ്രതിധ്വനി എന്നത്തേക്കാളുമധികമായി ഇന്നു നാം കേള്‍ക്കുന്നു: ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു! അവന്‍ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു!

യുദ്ധവും വേദനാപൂര്‍ണമായ നിരവധി തിരിച്ചടികളും നേരിടുമ്പോള്‍ പാപത്തിനും ഭയത്തിനും മരണത്തിനും മേല്‍ വിജയം വരിച്ച യേശുക്രിസ്തു നമ്മോടാവശ്യപ്പെടുന്നത് തിന്മയ്ക്കും അക്രമത്തിനും കീഴടങ്ങരുത് എന്നാണ്. ക്രിസ്തുവിന്റെ സമാധാനം നമ്മില്‍ വിജയം നേടട്ടെ. സമാധാനം സാദ്ധ്യമാണ്. സമാധാനം കടമയാണ്. സമാധാനം സകലരുടെയും പ്രാഥമിക ഉത്തരവാദിത്വമാണ്.

(ഈസ്റ്റര്‍ ദിനത്തില്‍ നല്‍കിയ ഉര്‍ബി എറ്റ് ഓര്‍ബി - നഗരത്തിനും ലോകത്തിനും - സന്ദേശത്തില്‍ നിന്ന്. സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ഈസ്റ്റര്‍ ദിനത്തില്‍ പാപ്പായില്‍ നിന്ന് ആശീര്‍വാദം സ്വീകരിക്കാനെത്തിയിരുന്നു.)

Related Stories

No stories found.