ഭക്തി ആളുകളെ കാണിക്കാന്‍ വേണ്ടിയാകരുത്

ഭക്തി ആളുകളെ കാണിക്കാന്‍ വേണ്ടിയാകരുത്

സ്വന്തം ഭക്തിയോ സഭയിലെ പദവിയോ പൊങ്ങച്ചത്തിനു വേണ്ടി ഉപയോഗിക്കരുത്. ലോകത്തിന്‍റെ മാര്‍ഗം സ്വീകരിക്കാനും വിജയത്തിന്‍റെ ഏണിപ്പടികള്‍ കയറി എളിമയെ ഒഴിവാക്കാനും പ്രലോഭിപ്പിക്കപ്പെടുന്നവരാണ് എല്ലാവരും. അജപാലകര്‍ക്കും ഇങ്ങനെ ഏണിപ്പടികള്‍ കയറാനുള്ള പ്രലോഭനമുണ്ടാകും. പക്ഷേ ഒരു അജപാലകന്‍ ആ പ്രലോഭനം ഒഴിവാക്കുകയും എളിമയുടെ പാത പിന്തുടരുകയും ചെയ്യുന്നില്ലെങ്കില്‍ അയാള്‍ യേശുവിന്‍റെ ശിഷ്യനല്ല, ളോഹയിട്ട ഒരു കയറ്റക്കാരന്‍ മാത്രമാണ്. എളിമപ്പെടലില്ലാതെ എളിമയുമില്ല.

നമ്മുടെ രക്ഷയ്ക്കു വേണ്ടി ദൈവം തിരഞ്ഞെടുത്ത പാതയ്ക്കു നാം സാക്ഷ്യം വഹിക്കണം. അത് എളിമപ്പെടലിന്‍റെ പാതയാണ്. യേശുവിന്‍റെ കുരിശുമരണം ശൂന്യമാകലിന്‍റെയും എളിമപ്പെടലിന്‍റെയും പാതയാണ്. അതു നമ്മുടെയും പാതയാകണം. ക്രൈസ്തവര്‍ക്കു മുന്നോട്ടു പോകാനുള്ള പാതയാണത്.

പൊങ്ങച്ചത്തിന്‍റെയും അഹങ്കാരത്തിന്‍റെയും പ്രലോഭനങ്ങള്‍ യേശുവും സ്നാപകനും നേരിട്ടു. യേശു അതു മരുഭൂമിയില്‍ നേരിട്ടപ്പോള്‍, സ്നാപകന്‍റെ മുമ്പില്‍ അതു "നീ മിശിഹായാണോ?" എന്ന ചോദ്യമായി ഉയര്‍ന്നു. യേശുവും സ്നാപകനും ഏറ്റവും നിന്ദ്യമായ വിധത്തിലുള്ള മരണങ്ങള്‍ക്കു വിധേയരായി. ശരിയായ പാത എളിമയുടെ പാതയാണെന്ന് ആ മരണങ്ങളിലൂടെ അവര്‍ തെളിയിക്കുകയും ചെയ്തു.

(താമസസ്ഥലമായ സാന്താ മാര്‍ത്തായില്‍ ദിവ്യബലിയര്‍പ്പണത്തിനിടെ നടത്തിയ സുവിശേഷ പ്രസംഗത്തില്‍നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org