
മനുഷ്യജീവിതബന്ധിയല്ലാത്തതും നന്മതിന്മകള്‍ക്കു മുമ്പില്‍ മനഃസാക്ഷിയെ ഉണര്‍ത്താത്തതുമായ ഒരു മതാത്മകതയെ യേശു എതിര്‍ക്കുന്നു. മുന്തിരിത്തോട്ടത്തില്‍ ജോലിക്കു പോകാന്‍ പിതാവു പറയുമ്പോള്‍ മൂത്തപുത്രന്‍ ഉടന്‍ വിസമ്മതിക്കുകയും 'ഞാന്‍ പോകില്ല' എന്നു മറുപടി പറയുകയും ചെയ്യുന്നു. 'ഞാന്‍ പോകാം' എന്നു മറുപടി പറയുന്ന രണ്ടാമത്തെ പുത്രനാകട്ടെ പോകുന്നുമില്ല. അനുസരണം എന്നതു വാക്കുകളിലല്ല, പ്രവൃത്തിയിലാണ് അടങ്ങിയിരിക്കുന്നത്. മുന്തിരിത്തോപ്പില്‍ വേല ചെയ്യുന്നതിലാണ്, ദൈവരാജ്യം സാക്ഷാത്കരിക്കുന്നതിലാണ്, നന്മ ചെയ്യുന്നതിലാണ് അതുള്ളത്. അനുഷ്ഠാനപരവും യാന്ത്രികവും ഉപരിപ്ലവവുമായ മതാത്മകതയെ മറികടക്കണമെന്ന് യേശു ആവശ്യപ്പെടുന്നു.
യേശു നിരാകരിക്കുന്ന 'പ്രകടനപരമായ' ഈ മതാത്മകതയുടെ വക്താക്കള്‍ അക്കാലത്തു 'പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും' ആയിരുന്നു. അവര്‍ക്കു മുമ്പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ചുങ്കക്കാരും വേ ശ്യകളുമായിരിക്കുമെന്നു യേശു അവര്‍ക്കു മുന്നറിയിപ്പു നല്‍കി. കല്‍പനകള്‍ പാലിക്കാത്തവരും ധാര്‍മ്മികത പുലര്‍ത്താത്തവരുമാണ് ഭേദം എന്നല്ല ഇതിനര്‍ത്ഥം. ചുങ്കക്കാരെയും വേശ്യകളെ യും ജീവിത മാതൃകകളായിട്ടല്ല മറിച്ച് കൃപയുടെ ആനുകൂല്യം ലഭിക്കുന്നവരായിട്ടാണ് യേശു അവതരിപ്പിക്കുന്നത്. മാനസാന്തരം എല്ലായ്‌പോഴും ഒരു കൃപയാണ്. തന്നിലേക്കു തുറക്കുന്നവര്‍ക്ക്, മാനസാന്തരപ്പെടുന്നവര്‍ക്കു ദൈവം കൃപയേകുന്നു.
ധാര്‍മ്മികതയെ മൂടിയിരിക്കുന്ന പടലങ്ങള്‍ ശുദ്ധീകരിക്കുന്ന ഒരു പ്രവര്‍ത്തനമാണ് മാനസാന്തരം. ചിലപ്പോള്‍ ഇതു വേദനാജനകമായിരിക്കും. കാരണം വിശുദ്ധിയിലേക്കുള്ള പാത പരിത്യാഗങ്ങളും ആത്മീയ പോരാട്ടങ്ങളും അടങ്ങിയതാണ്. നന്മയ്ക്കായി പോരാടുക, പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ പൊരുതുക.
(ത്രികാലജപ സന്ദേശത്തില്‍ നിന്ന്)