
വാര്‍ദ്ധക്യം അനുഗൃഹീതമായ കാലമാണ്. കാരണം, അനുരഞ്ജനപ്പെടാനുള്ള സമയമാണത്. വയോധികരും യുവതലമുറയും തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കണം. സുദീര്‍ഘമായ ജീവിതാനുഭവങ്ങളുടെ സത്ത് അവര്‍ വളരുന്ന പ്രത്യാശയുടെ നാമ്പുകള്‍ക്കു നല്‍കിയാല്‍ അവ തളിര്‍ക്കും. ഫലദായകമായ ഈ കൈമാറ്റത്തില്‍ നമുക്കു ജീവിതത്തിന്റെ സൗന്ദര്യം കണ്ടെത്താനാകും. സാഹോദര്യമുള്ള സമൂഹവും സഭയും പടുത്തുയര്‍ത്താനാകും. പാരമ്പര്യവും ആത്മാവിന്റെ നവീനതയും തമ്മില്‍ സംവാദം നടത്താനാകും.
യേശു ദൈവരാജ്യത്തെ കുറിച്ചു പഠിപ്പിക്കുന്നതു ലളിതമായ ഉപമകളിലൂടെയാണ്. അത് മുത്തശ്ശീമുത്തച്ഛന്മാര്‍ പേരക്കുട്ടികളോടു സംസാരിക്കാന്‍ ഉപയോഗിക്കുന്ന ഭാഷയെ അനുസ്മരിപ്പിക്കുന്നു. മടിയിലിരുത്തി പറഞ്ഞുകൊടുക്കുന്ന ഇത്തരം കഥകളിലൂടെയാണ് അവര്‍ ജീവിതത്തെ കുറിച്ചുള്ള സുപ്രധാനപാഠങ്ങള്‍ കൈമാറുന്നത്.
സ്വന്തം ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുന്ന വയോധികര്‍ ധാരാളം മനോഹരമായ കാര്യങ്ങള്‍ കാണുന്നുണ്ട്. പക്ഷേ അതുമാത്രമല്ല, നിരവധി പരാജയങ്ങളും അബദ്ധങ്ങളും കാണുന്നു. എങ്കിലും, ദൈവം നമ്മെ ആര്‍ദ്രമായി ക്ഷണിക്കുന്നത് ജീവന്റെ രഹസ്യത്തെ ശാന്തമായും ക്ഷമാപൂര്‍വമായും സ്വീകരിക്കാനും വിധിനിര്‍ണയം തനിക്കു വിടുവാനുമാണ്. ജീവിതപാതയിലുടനീളം മുളയെടുത്തു നില്‍ക്കുന്ന വിളകളെ കാണുക. അതു വളരട്ടെ. മറ്റെല്ലാം എനിക്കു വിടുക. കാരണം ഞാന്‍ സദാ ക്ഷമിക്കുന്നവനാണ്. അന്ത്യത്തില്‍ നന്മ തന്നെയായിരിക്കും തിന്മയേക്കാള്‍ കരുത്തുറ്റത്. ഇതാണ് യേശു പറയുന്നത്.
(ഗ്രാന്‍ഡ് പാരന്റ്‌സ് ദിനത്തില്‍ സെ.പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്. മുത്തശ്ശീമുത്തച്ഛന്മാരായ ആറായിരത്തോളം പേര്‍ ഈ ദിവ്യബലിയില്‍ പങ്കെടുത്തു. പൊതുദര്‍ശനവേളയില്‍ പേപ്പല്‍ വസതിയുടെ മട്ടുപ്പാവില്‍ മാര്‍പാപ്പ വന്നത് ഒരു അമ്മാമ്മയെയും പേരക്കുട്ടിയെയും ഒപ്പം കൂട്ടിയാണ്.)