മാനവ ഹൃദയത്തിലെ ഏറ്റവും ആഴമേറിയ വിശപ്പിനുള്ള ദൈവത്തിന്റെ മറുപടിയാണ് ദിവ്യകാരുണ്യം. ഓരോ ദിവ്യബലിയിലും നല്‍കപ്പെടുന്ന ക്രിസ്തുവിന്റെ ശരീരരക്തങ്ങള്‍ ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ്. മനുഷ്യകുലത്തിനു മുഴുവന്‍ വേണ്ടി അവന്‍ തന്നെത്തന്നെ നല്‍കുകയും ലോകത്തിന്റെ ജീവനുവേണ്ടി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്നു. തന്റെ ജീവന്‍ യേശു ഒരു ദാനം ആക്കി മാറ്റി. അതു തനിക്കായി സൂക്ഷിക്കാതെ നമുക്കായി നല്‍കി. അതുകൊണ്ട് സ്വന്തം ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാനാണ് എല്ലാ ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നത്.
നാം ഭക്ഷിക്കുന്നത് എന്തോ അതായി മാറുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ക്രിസ്തുവിന്റെ ശരീരരക്തങ്ങളില്‍ പങ്കുപറ്റുന്ന നമുക്കില്ല. ഭക്ഷിക്കുന്നത് എന്തോ അതായി മാറുക, ദിവ്യകാരുണ്യമായി മാറുക എന്നതിനര്‍ത്ഥം ആരും തനിക്കുവേണ്ടി തന്നെ ജീവിക്കാതിരിക്കുക എന്നതാണ്. തന്റെ ജീവന്‍ മറ്റുള്ളവര്‍ക്കുള്ള സമ്മാനം ആക്കി മാറ്റുക.
വിശുദ്ധ കുര്‍ബാനയില്‍ നാം തിരുവോസ്തി ഭക്ഷിക്കുമ്പോള്‍ അത് ജീവിതത്തില്‍ നിന്ന് വേറിട്ട വെറുമൊരു ആരാധനകര്‍മ്മമല്ല; വ്യക്തിപരമായ സമാശ്വാസം ലഭിക്കുന്ന ഒരു സന്ദര്‍ഭവുമല്ല. യേശു അപ്പമെടുത്ത് മുറിച്ച് മറ്റുള്ളവര്‍ക്കായി നല്‍കി. അതുകൊണ്ട് യേശുവുമായുള്ള കൂട്ടായ്മ മറ്റുള്ളവര്‍ക്കുവേണ്ടി മുറിക്കപ്പെടാനും പങ്കുവെക്കപ്പെടാനും നമ്മെ പ്രാപ്തരാക്കുന്നു.
(ജൂണ്‍ രണ്ടിന് ദിവ്യകാരുണ്യ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ നിന്നും)