പണവും അധികാരവും ആനന്ദവും നമ്മെ അടിമകളാക്കുകയും സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്‌തേക്കാം. പകരം ദൈവത്തിന്റെ സ്വതന്ത്രമായ സ്‌നേഹം കൊണ്ടു നമ്മുടെ ഹൃദയങ്ങള്‍ നിറയാനും വികസിക്കാനും അനുവദിക്കുകയാണെങ്കില്‍ ആ സ്‌നേഹം മറ്റുള്ളവരിലേക്ക് നൈസര്‍ഗികമായി ഒഴുകും. നാം സ്വാതന്ത്ര്യത്തില്‍ വളരുകയും അതിന്റെ സൗരഭ്യം നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും പരത്തുകയും ചെയ്യും.
ഈശോ സമ്പത്തിന് അടിമയായിരുന്നില്ല. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ദരിദ്രജീവിതമാണ് അവിടുന്ന് തിരഞ്ഞെടുത്തത്. രോഗികളെ ശുശ്രൂഷിക്കുകയും സഹായം ചോദിച്ചു വന്നവരെ തിരിച്ചൊന്നും ചോദിക്കാതെ സഹായിക്കുകയും ചെയ്തു. അധികാരത്തില്‍ നിന്നും അവിടുന്ന് സ്വതന്ത്രനായിരുന്നു. തന്നെ അനുഗമിക്കാന്‍ ആഹ്വാനം ചെയ്തുവെങ്കിലും ആരെയും അതിനായി നിര്‍ബന്ധിച്ചില്ല. അധികാരികളില്‍ നിന്ന് പിന്തുണ തേടിയില്ല. മറിച്ച് എല്ലായ്‌പ്പോഴും എളിയവരുടെ പക്ഷം ചേരുകയും തന്റെ ശിഷ്യരോടും അപ്രകാരം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പ്രസിദ്ധിയും അംഗീകാരവും അവിടുന്ന് ആഗ്രഹിച്ചില്ല. സത്യാന്വേഷണത്തെ അതുകൊണ്ടുതന്നെ അവിടുന്ന് ഉപേക്ഷിച്ചുമില്ല. താന്‍ മനസ്സിലാക്കപ്പെടാതിരിക്കാനോ അപ്രിയനാകാനോ ഉള്ള സാധ്യത ഭയന്ന് സത്യം പറയുന്നത് ഒരിക്കലും നിര്‍ത്തിയില്ല. അതിനായി കുരിശില്‍ മരിക്കാന്‍ പോലും ഭയപ്പെട്ടില്ല. യേശുവിന്റെ ഈ സ്വാതന്ത്ര്യത്തെ ധ്യാനിക്കാന്‍ സമയം ചെലവഴിക്കുക. എന്നിട്ട് ജീവിതത്തിലെ ഏതൊക്കെ മേഖലകളിലാണ് പണത്തിന്റെയും അധികാരത്തിന്റെയും വിജയത്തിന്റെയും മിഥ്യകള്‍ നമ്മെ തടവിലാക്കിയിരിക്കുന്നതെന്ന് സ്വന്തം മനസ്സാക്ഷിയോടു ചോദിക്കുക.
(ജൂണ്‍ 9ന് ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)