

സിനിമയുടെ മാന്ത്രികവെളിച്ചം ഇരുളിനെ പ്രകാശിപ്പിക്കുന്നത് കാണുക മനോഹരമാണ്. അതേസമയം തന്നെ അത് ആത്മാവിന്റെ മിഴികളെയും ജ്വലിപ്പിക്കുന്നു. മനുഷ്യരുടെ ആത്മീയ അന്വേഷണങ്ങളെ വിനോദവുമായി സംയോജിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. സ്വന്തം ജീവിതങ്ങളെ പരിശോധി ക്കാനും സ്വന്തം അനുഭവങ്ങളുടെ സങ്കീര്‍ണ്ണതയെ പുതിയ കണ്ണുകളിലൂടെ നോക്കി കാണാനും ലോകത്തെ ആദ്യമായിട്ടെന്നപോലെ പരിശോധി ക്കാനും സിനിമ പ്രേക്ഷകരെ സഹായിക്കുന്നു. ജീവിതം സമ്പൂര്‍ണ്ണമായി ജീവിക്കുന്നതിന് ആവശ്യമായ പ്രത്യാശയുടെ ഒരു വിഹിതം സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്നു. സിനിമ വെറും ചലിക്കുന്ന ചിത്രങ്ങള്‍ അല്ല, മറിച്ച് ചലിക്കുന്ന പ്രത്യാശയാണ് എന്ന വിചാരം മനസ്സിന് സുഖം നല്‍കുന്നു.
ഒരു സിനിമാതിയേറ്ററില്‍ പ്രവേശിക്കുന്നത് ഒരു കവാടം കടക്കുന്നതു പോലെയാണ്. അന്ധകാരത്തിലും നിശ്ശബ്ദതയിലും കാഴ്ച വ്യക്തമാകുന്നു, ഹൃദയം തുറക്കുന്നു, ഭാവനാതീതമായവയെ സ്വീകരിക്കാന്‍ മനസ്സ് തയ്യാറാകുന്നു. വിനോദം തേടുകയും സ്വഹൃദയങ്ങളില്‍ അസ്വസ്ഥത വഹിക്കുകയും ജീവിതത്തിന്റെ അര്‍ഥത്തിനും നീതിക്കും സൗന്ദര്യത്തിനുമായി അന്വേഷിക്കുകയും ചെയ്യുന്ന മനുഷ്യരുമായി ചലച്ചിത്രകാരന്മാര്‍ തിയേറ്ററിനുള്ളില്‍ ബന്ധം സ്ഥാപിക്കുന്നു.
ഡിജിറ്റല്‍ സ്‌ക്രീനുകള്‍ എപ്പോഴും തുറന്നിരി ക്കുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. വിവരങ്ങളുടെ നിരന്തരമായ കുത്തൊഴുക്ക് ഇവിടെയുണ്ട്. പക്ഷേ സിനിമ വെറുമൊരു സ്‌ക്രീനിനേക്കാള്‍ ഉപരിയാണ്. അത് ആഗ്രഹങ്ങളുടെയും ഓര്‍മ്മകളുടെയും ചോദ്യങ്ങളുടെയും ഒരു മിശ്രണമാണ്. പ്രകാശം അന്ധകാരത്തിലേക്കു തുളച്ചുകയറുകയും വാക്കുകള്‍ മൗനത്തെ കണ്ടുമുട്ടുകയും ചെയ്യുന്ന ഇന്ദ്രിയബന്ധിയായ ഒരു പ്രയാണം ആണത്. കഥ ചുരുള്‍ നിവരുമ്പോള്‍ നമ്മുടെ മനസ്സുകള്‍ വിദ്യ നേടുകയും ഭാവന വിശാലമാവുകയും വേദനപോലും പുതിയ അര്‍ഥം കണ്ടെത്തുകയും ചെയ്യുന്നു.
വിജയകരമായത് ആവര്‍ത്തിക്കുക എന്നതാണ് അല്‍ഗരിതങ്ങളുടെ യുക്തി. പക്ഷേ, സാധ്യമായ എല്ലാത്തിലേക്കും തുറന്നിരിക്കുന്നതാണു കല. എല്ലാം പ്രവചനീയമോ അടിയന്തരമോ ആവണമെന്നില്ല. ഒരു ലക്ഷ്യമുണ്ടെങ്കില്‍ മന്ദവേഗത്തെയും സംസാരിക്കുന്നുണ്ടെങ്കില്‍ മൗനത്തെയും നാം സംരക്ഷിക്കണം. സിനിമ ആധികാരികമാണെങ്കില്‍ അത് വെറുതെ ആശ്വസിപ്പിക്കുകയല്ല വെല്ലുവിളിക്കുകയാണ് ചെയ്യുക. നമ്മുടെ ഉള്ളില്‍ വസിക്കുന്ന ചോദ്യങ്ങളെ അത് ഉച്ചത്തില്‍ ആക്കുന്നു, കരയേണ്ടതുണ്ട് എന്ന് നാം കരുതാത്ത സന്ദര്‍ഭങ്ങളില്‍ കണ്ണീര്‍ വീഴ്ത്തുന്നു.
സിനിമാനിര്‍മ്മാണം ഒരു സംഘാത പരിശ്രമമാണ്. അവിടെ ആരും സ്വയം പര്യാപ്തരായി ഇല്ല. അസംഖ്യം ആളുകളുടെ സംഭാവനകള്‍ അതിനാവശ്യമാണ്. ഓരോ ശബ്ദവും ചേഷ്ടയും നൈപുണ്യവും ഒന്നിച്ചു മാത്രം നില്‍ക്കാന്‍ കഴിയുന്ന ഒരു രചനയ്ക്കായി അര്‍പ്പിക്കപ്പെടുന്നു.
(നവംബര്‍ 15 ന് വത്തിക്കാനിലെ അപ്പസ്‌തോലിക് പാലസില്‍ ആഗോള ചലച്ചിത്ര വ്യവസായ രംഗത്തിന്റെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞത്)