ചരിത്രം സൃഷ്ടിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍ നിന്നു മടങ്ങി

ചരിത്രം സൃഷ്ടിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍ നിന്നു മടങ്ങി
Published on

ഇറാഖിലേക്കു ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനം സഭയിലും സമൂഹത്തിലും ചരിത്രം സൃഷ്ടിച്ചു. കോവിഡ് പകര്‍ച്ചവ്യാധി മൂലം നിറുത്തി വച്ചിരുന്ന യാത്രകള്‍ മാര്‍പാപ്പ പുനഃരാരംഭിച്ചത് ഇറാഖിലേയ്ക്കുള്ള യാത്രയിലൂടെയാണ്. ബാഗ്ദാദ് ആര്‍ച്ചുബിഷപ്പിന് സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് കോവിഡ് ബാധിച്ചതുള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികള്‍ ഉയര്‍ന്നുവന്നെങ്കിലും മുന്‍നിശ്ചയപ്രകാരം സന്ദര്‍ശനപരിപാടികള്‍ മാര്‍പാപ്പ പൂര്‍ത്തിയാക്കി. മതഭീകരവാദം മൂലമുള്ള പ്രശ്‌നങ്ങള്‍ കൊണ്ടു വലഞ്ഞിരുന്ന ഇറാഖിനു മാര്‍പാപ്പയുടെ സന്ദര്‍ശ നം സമാശ്വാസം പകര്‍ന്നു. മതാന്തരസൗഹൃദരംഗത്ത് അന്താരാഷ്ട്രതലത്തില്‍ വലിയ ചലനം സൃഷ്ടിക്കാനും സന്ദര്‍ശനത്തിനു സാധിച്ചു.


ലോകത്തിലെ ഷിയാ മുസ്ലീങ്ങളുടെ ആത്മീയാചാര്യനായ ആയത്തുള്ള അലി അല്‍ സിസ്താനിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ സന്ദര്‍ശനത്തി ലെ അന്താരാഷ്ട്രപ്രാധാന്യമുള്ള ഏറ്റ വും പ്രധാനപ്പെട്ട സംഭവം. സാഹോദര്യത്തിന്റെ സാര്‍വത്രികസന്ദേശം ലോകത്തിനു നല്‍കാന്‍ സിസ്താനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു റോമിലേയ്ക്കുള്ള മടക്കയാത്രയില്‍ മാര്‍പാപ്പ പറഞ്ഞു. തൊണ്ണൂറുകാരനായ സിസ്താനി മാര്‍പാപ്പയെ ആദരിക്കുന്നതിനായി രണ്ടു പ്രാവശ്യം എഴുന്നേറ്റു നിന്നു. സാധാരണയായി അദ്ദേഹം ചെയ്യാറില്ലാത്ത ഒരു കാര്യമാണതെന്നും അതു നല്‍കുന്ന സന്ദേശം പ്രധാനമാണെന്നും നിരീക്ഷകര്‍ കരുതുന്നു.


പൂര്‍വപിതാവായ അബ്രാഹമിന്റെ ജന്മദേശമെന്നു വിശ്വസിക്കപ്പെടുന്ന ഊര്‍ സന്ദര്‍ശിക്കണമെന്ന ചരിത്രത്തിലെ പല മാര്‍പാപ്പാമാരുടെ ആഗ്രഹമാണ് ഫ്രാന്‍ സിസ് പാപ്പായിലൂടെ നിറവേറപ്പെട്ടത്. ക്രൈസ്തവരും മുസ്ലീങ്ങളും യഹൂദരും പങ്കുവയ്ക്കുന്ന പൊതുപൈതൃകത്തെയാണ് ഊര്‍ ദേശം ഓര്‍മ്മിപ്പിക്കുന്നതെന്നു മാര്‍പാപ്പ പറഞ്ഞു. എര്‍ബിലിലെ സ്റ്റേഡിയത്തില്‍ വച്ച് അബ്ദുള്ള കുര്‍ദിയെ ആശ്വസിപ്പിക്കാന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയ്ക്കു സാധിച്ചു. യൂറോപ്പിലേയ്ക്കു കുടിയേറാനുള്ള കടല്‍യാത്രയ്ക്കിടെ ബോട്ടുതകര്‍ന്നു മരിച്ച അലന്‍ കുര്‍ദിയെന്ന ബാലന്റെ പിതാവാണ് അബ്ദുള്ള. ലോകമനസ്സാക്ഷിയെ ഇന്നും വേട്ടയാടുന്ന ദുരന്തചിത്രത്തിലെ അലന്‍ കുര്‍ദിയുടെ പിതാവുമായി നടത്തിയ കൂടിക്കാഴ്ച മധ്യപൂര്‍വദേശത്തി നു മാത്രമല്ല ലോകത്തിനാകെ സൗഖ്യസ്പര്‍ശമായി.


സിറിയന്‍ കത്തോലിക്കാസഭയുടെ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് ജോസഫ് യൗനാന്‍, കല്‍ദായ കത്തോലിക്കാസഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റഫായേല്‍ സാകോ എന്നിവരെയും സഭാപ്രതിനിധികളെയും മാര്‍പാപ്പ കണ്ടത് 2010 ല്‍ ഭീകരാക്രമണത്തില്‍ തകര്‍ക്കപ്പെട്ട സിറിയന്‍ കത്തോലിക്കാ കത്തീഡ്രലിലാണ്. 48 കത്തോലിക്കരാണ് അന്നു കൊല്ലപ്പെട്ടത്. അതിനു ശേഷം പുനരുദ്ധരിക്കപ്പെട്ട കത്തീഡ്രലില്‍ മാര്‍പാപ്പ കടന്നു ചെന്നത് വികാരഭരിതമായ നിമിഷങ്ങള്‍ സമ്മാനിച്ചു.
2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപകന്‍ ഇസ്ലാമിക രാഷ്ട്ര പ്രഖ്യാപനം നടത്തിയ മോസുളിലെത്തിയ മാര്‍പാപ്പ പ്രാവിനെ പറത്തുകയും മോസുളിലെ യുദ്ധത്തില്‍ മരണമടഞ്ഞവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കാറക്കോഷ് എന്നറിയപ്പെടുന്ന ബഖ്ദിദായിലെ കത്തോലിക്കാ കത്തീഡ്രലില്‍ വച്ച് മാര്‍പാപ്പ ഇസ്ലാമിക് സ്റ്റേറ്റ് അക്രമങ്ങള്‍ക്ക് ഇരകളായവരുടെ സാക്ഷ്യങ്ങള്‍ ശ്രവിച്ചു. എര്‍ബിലിലെ സ്റ്റേഡിയത്തില്‍ നടന്ന ഏറ്റവും വലിയ പൊതുപരിപാടിയില്‍ ആയിരകണക്കിനാളുകള്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org