ആധ്യാത്മികം, അജപാലനപരം, സഭൈക്യപരം, മിഷനറി എന്നിങ്ങനെ സഭയുടെ അടിസ്ഥാനമാനങ്ങളെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗണ്‍സില്‍ പിതാക്കന്മാര്‍ ആരാധനക്രമണ നവീകരണത്തിന് പ്രാധാന്യം നല്‍കിയത്. ആരാധനാക്രമണനവീകരണമില്ലാതെ സഭാ നവീകരണം ഇല്ല. ആധ്യാത്മിക വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള അഭിനിവേശം ഇല്ലാത്ത, അതതുകാലത്തെ സ്ത്രീപുരുഷന്മാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ സംസാരിക്കാന്‍ ശ്രമിക്കാത്ത, ക്രൈസ്തവര്‍ക്കിടയിലെ വിഭാഗീയതയില്‍ വേദന അനുഭവിക്കാത്ത, ക്രിസ്തുവിനെ മറ്റു ജനങ്ങളോടു പ്രഘോഷിക്കാനുള്ള ആവേശം ഇല്ലാത്ത ഒരു സഭ രോഗിയായ സഭയാണ്. മേല്‍പ്പറഞ്ഞതെല്ലാമാണ് ആ രോഗത്തിന്റെ ലക്ഷണങ്ങള്‍. ലിറ്റര്‍ജിയെ അതിന്റെ ദൈവശാസ്ത്രപരമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിക്കൊണ്ട് മാത്രമേ നമുക്ക് ഈ കാര്യങ്ങള്‍ പറയാനാവുകയുള്ളൂ. ആരാധനക്രമം ഏതെങ്കിലും കുറച്ചു വിദഗ്ധരുടെ സവിശേഷപഠനത്തിന് മാത്രമുള്ളതല്ല. ദൈവജനത്തിന് എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതാണ്.
ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്നാണ് ആരാധനാക്രമ നവീകരണം ഉണ്ടാകേണ്ടത്. നമ്മുടെ ജീവിതത്തില്‍ ലിറ്റര്‍ജിക്ക് കേന്ദ്രസ്ഥാനം ഉണ്ടാകേണ്ടതുണ്ട്. ജീവിക്കുന്ന ക്രിസ്തുവിനെ നാം കണ്ടെത്തേണ്ടത് ലിറ്റര്‍ജിയിലാണ്. ജ്ഞാനസ്‌നാന ജീവിതത്തെ അത് നിരന്തരം നവീകരിക്കുന്നു.
(വത്തിക്കാന്‍ ആരാധനാക്രമ കാര്യാലയത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)