
സ്വന്തം ഭവനത്തില്‍ എത്തിയ അപരിചിതരായ സന്ദര്‍ശകരെ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് അബ്രഹാമും സാറായും സ്വീകരിച്ചു. തുടര്‍ന്ന് സന്ദര്‍ശകര്‍ പുത്രസൗഭാഗ്യത്തിന്റെ നല്ല വാര്‍ത്ത സമ്മാനിച്ചു. ദൈവത്തിന്റെ ആഹ്വാനത്തോട് ക്രിയാത്മകമായി പ്രതികരിച്ച അബ്രഹാമും സാറയും നമുക്ക് മാതൃകകളാണ്. ആതിഥ്യമര്യാദ അവര്‍ക്ക് സമ്മാനിച്ചത് പുതിയൊരു ജീവിതത്തിന്റെയും അനന്തര തലമുറയുടെയും വാഗ്ദാനമാണ്.
പുതിയ നിയമത്തില്‍ മാര്‍ത്തയുടെയും മറിയത്തിന്റെയും ഭവനത്തില്‍ യേശു അതിഥിയായി എത്തുന്നത് അപരിചിതനായിട്ടല്ല, മറിച്ച് സുഹൃത്തായിട്ടാണ്. അവിടെ യേശുവിന്റെ കാല്‍ക്കല്‍ ഇരുന്ന് അവനെ ശ്രവിക്കുന്ന മറിയവും പ്രായോഗിക കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാര്‍ത്തയും നമ്മുടെ ജീവിതത്തിലെ പരസ്പരവിരുദ്ധമായ രണ്ട് മനോഭാവങ്ങളെയല്ല മറിച്ച് ആതിഥ്യമര്യാദയുടെ രണ്ട് മാനങ്ങളെയാണ് കാണിക്കുന്നത്. നിശ്ശബ്ദതയ്ക്കും പ്രാര്‍ഥനയ്ക്കും സമയം നീക്കിവയ്‌ക്കേണ്ടത് ക്രിസ്തീയ ജീവിതത്തിന്റെ ഒരു മാനമാണ്. ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കണമെങ്കില്‍ നാം
ഈ രണ്ടു മനോഭാവങ്ങളും സംയോജിപ്പിക്കണം. ഒരു വശത്ത് യേശുവിന്റെ കാല്‍ക്കല്‍ ആയിരിക്കുക, എല്ലാ കാര്യങ്ങളുടെയും രഹസ്യം അവന്‍ നമുക്ക് വെളിപ്പെടുത്തുമ്പോള്‍ അവനെ ശ്രവിക്കുക എന്നത് പ്രധാനമാണ്. മറുവശത്ത് ഉന്മേഷത്തിന്റെയും സാഹോദര്യത്തിന്റെയും അനുഭവം ആവശ്യമുള്ള ഒരു സുഹൃത്തിന്റെ മുഖവുമായി അദ്ദേഹം കടന്നുവരുമ്പോള്‍ ആതിഥ്യ മര്യാദയില്‍ ശ്രദ്ധാലുക്കളായിരിക്കുക. ഇതിനു രണ്ടിനും നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ആവശ്യമാണ്.
കുടുംബജീവിതത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളപ്പോള്‍ പരസ്പരം മനസ്സിലാക്കുവാനും തെറ്റ് ചെയ്യുമ്പോള്‍ പരസ്പരം ക്ഷമിക്കുവാനും അസുഖമുള്ളപ്പോള്‍ പരസ്പരം സഹായിക്കാനും സങ്കടപ്പെടുമ്പോള്‍ പിന്തുണയ്ക്കാനും സാധിക്കുമ്പോഴാണ് ഈ രണ്ടു മനോഭാവങ്ങളെയും കര്‍മ്മപഥത്തില്‍ എത്തിക്കുവാന്‍ സാധിക്കുന്നത്. ഈ വിധത്തില്‍ മാത്രമാണ് ആളുകള്‍ക്കിടയില്‍ ആധികാരികവും ശക്തവുമായ ബന്ധങ്ങള്‍ ജനിക്കുകയും വളരുകയും ചെയ്യുക. ഇത് ദൈവരാജ്യ സ്ഥാപനത്തിന് ഇടയാക്കും.
മാര്‍ത്തായിലും മറിയത്തിലും ജീവിതത്തിന്റെ വര്‍ത്തമാനവും ഭാവിയും പ്രതീകവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു ഈ ജീവിതത്തില്‍ കര്‍ത്താവിനുവേണ്ടി അധ്വാനിക്കുന്നവര്‍ക്കു നിത്യജീവിതത്തില്‍ കര്‍ത്താവിനൊപ്പം വിശ്രമിക്കാന്‍ സാധിക്കുമെന്ന് വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞിട്ടുണ്ട്.
(ജൂലൈ 20 ന് അല്‍ബാനോ രൂപതയുടെ കത്തീഡ്രല്‍ സന്ദര്‍ശിച്ച് ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ നല്‍കിയ വചന സന്ദേശത്തില്‍ നിന്നും)