

സ്‌നേഹിക്കാന്‍ പ്രാപ്തിയുള്ള നമ്മുടെ വലിയ ഹൃദയങ്ങള്‍ ഒരിക്കലും അടഞ്ഞിരിക്കരുത്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു ലോകം കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിച്ച് വഴി കണ്ടെത്താം. ദൈവമക്കള്‍ എന്ന നിലയിലുള്ള നമ്മുടെ അന്തസ്സ് തിരിച്ചറിയുന്നതിലൂടെ, എല്ലാ വൈവിധ്യങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അപ്പുറമായി മനുഷ്യരെ തുടക്കത്തിലേ ഒന്നിച്ചുചേര്‍ക്കുന്ന ആ യാഥാര്‍ത്ഥ്യവുമായി നാം സമ്പര്‍ക്കത്തില്‍ വരുന്നു.
നമുക്ക് പരസ്പരം തിരിച്ചറിയാനും കേള്‍ക്കാനും വ്യക്തികള്‍ തമ്മിലും അതുവഴി ജനങ്ങള്‍ തമ്മിലും സൗഹൃദം സ്ഥാപിക്കാനും കഴിയും. അതിരുകള്‍ക്കും നിര്‍വചനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരിയായി എപ്പോഴും മനുഷ്യരുണ്ട്. സ്‌നേഹമാണ് ഒരു സാഹോദര്യ സമൂഹത്തിന്റെ അടിത്തറ.
ഇരുപതാം നൂറ്റാണ്ടിലെ ദുരന്തങ്ങള്‍ക്കും പുതിയ തുടക്കങ്ങള്‍ക്കും ശേഷം യേശുക്രിസ്തുവിനെ പിന്തുടരുന്നതില്‍ വ്യക്തമായ ഒരു ബോധം അടങ്ങിയിരിക്കുന്നു: തിന്മയെ തിന്മകൊണ്ട് നേരിടാനാവില്ല. സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹമാണ് ജീവിതത്തിന്റെ നിയമം, കുരിശിലേറ്റപ്പെട്ട മിശിഹായുടെ വീണ്ടെടുപ്പിന്റെ മാര്‍ഗ്ഗവും ഇതുതന്നെയാണ്.
മനസ്സുകളെയും വാക്കുകളെയും രാജ്യങ്ങളെയും വീണ്ടും ആയുധമണിയിക്കുന്ന തെറ്റായ യാഥാര്‍ത്ഥ്യബോധത്തിന് മുന്നില്‍, നിലവിലെ കത്തോലിക്കാ സംസ്‌കാരം കരുണയുടെ യാഥാര്‍ത്ഥ്യബോധത്തെ ഉയര്‍ത്തിപ്പിടിക്കണം. ശത്രുക്കള്‍ ഉണ്ടാകാന്‍ കഴിയില്ലെന്നും, എതിരാളികള്‍ പോലും നമ്മള്‍ കണ്ണുകളില്‍ നോക്കി ആത്മാര്‍ത്ഥതയോടെ സ്വീകരിക്കേണ്ട സഹോദരങ്ങളാണെന്നും അത് വാദിക്കുന്നു.
ഭാവിയെന്നത് ഒരു ഭീഷണിയല്ല, മറിച്ച് ഒരു വാഗ്ദാനമാണ് എന്നതിന്റെ അടയാളമാണ് നമ്മുടെ യുവജനങ്ങള്‍. കൂടാതെ, പ്രതീക്ഷയെ തുടര്‍ന്നും പ്രചോദിപ്പിക്കുന്ന സ്‌നേഹത്തിന്റെ സാക്ഷികളുമാണ്. സ്‌നേഹം ചലിപ്പിക്കുന്നു, നയിക്കുന്നു, മന്ദതയില്‍ നിന്ന് ഉണര്‍ത്തുന്നു, പുതിയ ആഹ്വാനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു, അപകടസാധ്യതകള്‍ ഏറ്റെടുക്കാന്‍ നമ്മെ വിളിക്കുന്നു. നിങ്ങള്‍ ഇതില്‍ പങ്കാളികളാകൂ! വളരെ ഇടുങ്ങിയ ബന്ധങ്ങള്‍ക്കപ്പുറത്തേക്ക് നിങ്ങളുടെ ബന്ധങ്ങള്‍ വികസിപ്പിച്ചുകൊണ്ട് യഥാര്‍ത്ഥ സാര്‍വത്രികതയിലേക്ക് തുറക്കപ്പെടൂ.
ലോകത്തിന്റെ എല്ലാ കോണുകളിലും, പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവരിലും കഷ്ടപ്പെടുന്നവരിലും, സ്‌നേഹത്തിന്റെ നാഗരികത കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരെ നിങ്ങള്‍ കണ്ടെത്തും. സ്‌നേഹത്തില്‍ ഒരിക്കലും നിര്‍ബന്ധമോ അടിച്ചേല്‍പ്പിക്കലോ ഇല്ല; ആകര്‍ഷിച്ച് വഞ്ചിക്കലോ കൃത്രിമത്വമോ അവിടെയില്ല. സ്‌നേഹം നിലനില്‍ക്കുന്നത് സ്വാതന്ത്ര്യത്തിലും ആത്മാര്‍ത്ഥമായ കൈമാറ്റത്തിലും ഉദാരമായ സ്വയം സമര്‍പ്പണത്തിലും മാത്രമാണ്.
(ആഗസ്റ്റ് 22-ന് ഇറ്റാലിയന്‍ നഗരമായ റിമിനിയില്‍, ജനതകള്‍ തമ്മിലുള്ള സൗഹൃദത്തിനായുള്ള 47-ാമത് മീറ്റിംഗില്‍ പങ്കെടുത്തു നല്‍കിയ സന്ദേശത്തില്‍ നിന്ന്)