ലൗകിക പ്രത്യാശയും ക്രൈസ്തവ പ്രത്യാശയും

ലൗകിക പ്രത്യാശയും ക്രൈസ്തവ പ്രത്യാശയും

ക്രൈസ്തവ പ്രത്യാശയെക്കുറിച്ചുള്ള തന്‍റെ മതബോധനം വത്തിക്കാന്‍ സ്ക്വയറില്‍ തടിച്ചുകൂടിയ ജനസഞ്ചയത്തിന് ഈസ്റ്റര്‍ നാളുകളിലും ഫ്രാന്‍സിസ് പാപ്പ തുടര്‍ന്നു. ഇത്തവണ തന്‍റെ മതബോധനത്തിന് അടിസ്ഥാനമായി മാര്‍പാപ്പ തിരഞ്ഞെടുത്ത വാക്യം, യോഹന്നാന്‍റെ സുവിശേഷം 12-ാം അദ്ധ്യായം, 24-25 വാക്യങ്ങളാണ്. "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്‍റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും."

ലൗകികപ്രത്യാശയും ക്രൈസ്തവപ്രത്യാശയും തമ്മിലുള്ള അന്തരം മനസ്സിലാക്കി കൊടുക്കുവാനാണ് മാര്‍പാപ്പ പരിശ്രമിച്ചത്. ലൗകിക പ്രത്യാശ എന്നു പറയുന്നത് ഓരോ ആഗ്രഹവും സാധിച്ചു കിട്ടുന്നതിലാണ്. ഒരു ആഗ്രഹം സാധിച്ചു കഴിയുമ്പോഴേക്കും മറ്റൊന്നു വന്നു കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ തൃപ്തി എന്നു പറയുന്ന ഒരവസ്ഥ എത്തിച്ചേരാന്‍ പ്രയാസമുണ്ട്. എന്നാല്‍ ക്രൈസ്തവ പ്രത്യാശ എന്നത് ക്രിസ്തുവാകുന്ന വ്യക്തിയിലും ദൈവത്തിന്‍റെ ശക്തിയിലും ദൈവത്തിനു മനുഷ്യരോടുള്ള അനശ്വര സ്നേഹത്തിലും അടിയുറപ്പിച്ചു കൊണ്ടുള്ളതാണ്.

കുരിശിലെ ത്യാഗപൂര്‍ണമായ മരണവും പുതുജീവന്‍ വാഗ്ദാനം ചെയ്യുന്ന ഉയിര്‍പ്പും ക്രൈസ്തവപ്രത്യാശയുടെ തനിമ വെളിപ്പെടുത്തുന്നതാണ്. ക്രിസ്തുവിനോടൊപ്പം നടന്ന ജനം അത്ഭുതങ്ങളും അടയാളങ്ങളും തങ്ങളുടെ എല്ലാ തരത്തിലുള്ള ശത്രുക്കളില്‍ നിന്നുള്ള വിടുതലും പ്രതീക്ഷിച്ചതുകൊണ്ടാണ് ആ ഒപ്പം മുന്നേറിയത്. തങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു തരുന്ന ഒരു അത്ഭുതപ്രവര്‍ത്തകനായ നേതാവിനെയാണ് അവര്‍ അനുഗമിച്ചത്. എന്നാല്‍ കുരിശിന്‍ചുവട്ടിലെത്തിയപ്പോള്‍ അവരുടെ എല്ലാ കണക്കു കൂട്ടലുകളും തകര്‍ന്നു. അവര്‍ സ്തബ്ധരായി മൗനം പാലിച്ചു. അവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു. എന്നാല്‍ കുരിശിലാണ് പ്രത്യാശ പുനര്‍ജനിക്കുന്നതെന്നു മനസ്സിലാക്കാന്‍ അവര്‍ക്കു സാധിച്ചത് ഈസ്റ്റര്‍ ദിനത്തിലാണ്.

പ്രത്യാശ എവിടെയാണു ജനിക്കുന്നത്. യേശു പറയുന്നു, കുരിശിങ്കലേക്കു നോക്കുവിന്‍. അവിടുത്തെ കുരിശുമരണവും ഉയിര്‍പ്പും പുതിയ ജീവിതദര്‍ശനവും ജീവിതത്തിനു തന്നെ ഒരു പുതിയ അര്‍ത്ഥവും മാനവും നല്‍കുന്നു. കുരിശിന്‍റെ നിഴലിലാണ് മഹത്ത്വത്തിന്‍റെ സ്ഫുരണങ്ങള്‍ മനസ്സിലാക്കാനായി നമ്മള്‍ വിളിക്കപ്പെടുന്നത്.

പ്രത്യാശ എവിടെയാണു ജനിക്കുന്നത്. അഥവാ പ്രത്യാശയുടെ എഞ്ചിന്‍ മുന്നോട്ടു കൊണ്ടുപോകുന്ന ഊര്‍ജ്ജസ്രോതസ് എന്താണ്? അത് സ്നേഹമാണ്. സ്നേഹം എല്ലാം സഹിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു – പൗലോസ് ശ്ലീഹായുടെ കൊറീന്തോസുകാര്‍ക്കെഴുതിയ 1-ാം ലേഖനം 13-ാം അദ്ധ്യായം 7-ാം വാക്യം. എല്ലാം നഷ്ടപ്പെടുത്തുന്ന ഒരു ലോജിക്കാണ് പ്രത്യാശ. എല്ലാം നഷ്ടപ്പെടുത്തുന്നവര്‍ എല്ലാം നേടുന്നു എന്നുള്ളതാണ് ഈസ്റ്റര്‍ ദിനത്തില്‍ നമ്മള്‍ മനസ്സിലാക്കുന്നത്.
ലൗകികപ്രത്യാശയും ക്രൈസ്തവപ്രത്യാശയും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ്. നഷ്ടപ്പെടുന്നതിലാണ് നേടുന്നതെന്നു നാം മനസ്സിലാക്കുന്നത് ഈസ്റ്റര്‍ നാളുകളിലാണ്. അവനിങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി എന്ന സങ്കീര്‍ത്തന വാക്യം നമ്മളെ ഈ ഭാഗം ഓര്‍ മ്മിപ്പിക്കുകയാണ്. നമുക്കറിയാം ഈലോക ജീവിതത്തിലെ ഒന്നും ശാശ്വതമായ സന്തോഷമോ സംതൃപ്തിയോ മനുഷ്യനു തരുന്നില്ല. എന്നാല്‍ ക്രിസ്തുവിങ്കലേക്കു നോക്കുമ്പോഴാണ് തങ്ങളുടെ ജീവിതത്തിന്‍റെ സംതൃപ്തി കണ്ടെത്തുന്നത്. ക്രിസ്തുവിലായിരിക്കുന്നവന് ഒന്നും നഷ്ടപ്പെടുന്നില്ല. എല്ലാം പ്രത്യാശിക്കുകയും ചെയ്യുന്നു. ഇവിടെ ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ വാക്കുകള്‍ കൂടി നമുക്ക് കാതോര്‍ക്കാം. ക്രിസ്തുവിനെ അറിയുന്നതിലും ക്രിസ്തുവിനെ മറ്റുള്ളവര്‍ക്കു കൊടുക്കുന്നതിലും വലുതായ മറ്റൊരു സന്തോഷവുമില്ല. വത്തിക്കാന്‍ സ്ക്വയറില്‍ ഒന്നിച്ചു കൂടിയ ജനസഞ്ചയത്തെ മാര്‍പാപ്പ മൂന്നു പ്രാവശ്യം ഇപ്രകാരം ഏറ്റു പറയിപ്പിച്ചു – ക്രിസ്തുവിലാണ് ഞങ്ങളുടെ പ്രത്യാശ. ക്രിസ്തുവിലാണ് ഞങ്ങളുടെ പ്രത്യാശ, അതെ ക്രിസ്തുവിലാണ് ഞങ്ങളുടെ പ്രത്യാശ. ഹര്‍ഷാരവത്തോടെ മാര്‍പാപ്പയോടൊപ്പം ജനം ഇത് ഏറ്റു പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org