
ദൈവത്തിനും സമ്പത്തിനും ഇടയില്‍ വളരെ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കുവാന്‍ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ഈ തിരഞ്ഞെടുപ്പ്, ആകസ്മികമായതോ, കാലക്രമേണ പരിഷ്‌കരിക്കാന്‍ കഴിയുന്നതോ ആയ ഒന്നല്ല, മറിച്ച് യഥാര്‍ഥമായ ഒരു ജീവിതശൈലി നാം രൂപപ്പെടുത്തിക്കൊണ്ട്, ഹൃദയം എവിടെ ഉറപ്പിക്കണമെന്നുള്ള ഉറച്ച തീരുമാനമായിരിക്കണം.
നാം നിരാലംബരാണ്. നമ്മുടെ ജീവിതം ആവശ്യങ്ങള്‍ നിറഞ്ഞതാണെന്നും, നമുക്കെല്ലാവര്‍ക്കും പരിചരണവും വാത്സല്യവും ആവശ്യമാണെന്നും കര്‍ത്താവിന് അറിയാം. എന്നാല്‍, ദൈവമില്ലാതെ നമുക്ക് നന്നായി ജീവിക്കുവാന്‍ സാധിക്കുമെന്നത് ജീവിതത്തിലെ വലിയ ഒരു പ്രലോഭനമാണ്.
സ്വയം കണക്കുകൂട്ടുവാനും, ശേഖരിച്ചു വയ്ക്കുവാനും, മറ്റുള്ളവരെ സംശയമുനയില്‍ നിര്‍ത്തുവാനും, അവരെ അവിശ്വസിക്കുവാനും പരിശ്രമിക്കാതെ വിശ്വാസത്തോടെ സഹായം ചോദിക്കുന്നതിനും സാഹോദര്യത്തോടെ പങ്കുവയ്ക്കുവാനും നമുക്ക് സാധിക്കണം.
സമ്പത്തിനെ ആധിപത്യത്തിന്റെ ഉപകരണമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍, ദരിദ്രരെ ചൂഷണം ചെയ്യുന്നുവെന്ന് ആമോസ് പ്രവാചകന്‍ പഠിപ്പിച്ചു. ദൈവവചനം നമ്മെ എല്ലാവരെയും ഒരു ആന്തരിക വിപ്ലവത്തിലേക്ക് നയിക്കുന്നു, അത് ഹൃദയത്തില്‍ നിന്നും ആരംഭിക്കേണ്ട പരിവര്‍ത്തനത്തിലേക്ക് ക്ഷണിക്കുന്നു.
സമ്പത്ത് മനുഷ്യനെതിരായി ഉപയോഗിക്കാനുള്ള താല്‍പര്യങ്ങളില്‍ നിന്നും ഭരണാധികാരികള്‍ പിന്നോട്ടു മാറണം. സമ്പത്തിനെ സേവിക്കുന്നവര്‍ അതിന്റെ അടിമകളായി തുടരുന്നു. എന്നാല്‍, ദൈവത്തെ സേവിച്ചുകൊണ്ട് നീതി തേടുന്നവര്‍ സമ്പത്തിനെ പൊതു നന്മയാക്കി മാറ്റുന്നു.
(വത്തിക്കാനില്‍, വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള പൊന്തിഫിക്കല്‍ ഇടവക ദേവാലയത്തില്‍ സെപ്തംബര്‍ 21 നു ദിവ്യബലിയര്‍പ്പിച്ചു നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)