ഏതു പ്രായത്തിലും സ്‌നേഹം നമ്മെ മികച്ചവരാക്കുന്നു

ഏതു പ്രായത്തിലും സ്‌നേഹം
നമ്മെ മികച്ചവരാക്കുന്നു

നമ്മള്‍ കൂടുതല്‍ നല്ലവരും മനുഷ്യത്വമുള്ളവരുമായിത്തീരണമെങ്കില്‍ ആരെയും ഒഴിവാക്കാതെ സ്‌നേഹത്തോടെ ഒരുമിച്ചുനില്‍ക്കണം. എല്ലാ പ്രായത്തിലും സ്‌നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുന്നു. മുത്തശ്ശീമുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളും തമ്മിലുള്ള പരസ്പരസ്‌നേഹം അതിന് ഉദാഹരണമാണ്.

പല കാര്യങ്ങളിലും വൈദഗ്ദ്ധ്യമുള്ളവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. അറിവുകളും എല്ലാവര്‍ക്കും ഉപയോഗപ്രദമായ മാര്‍ഗങ്ങള്‍ കൊണ്ടും സമ്പന്നമാണു നമ്മുടെ സമൂഹം. പക്ഷേ, പങ്കുവയ്ക്കാതിരിക്കുകയും എല്ലാവരും സ്വന്തംകാര്യം മാത്രം നോക്കുകയും ചെയ്യുകയാണെങ്കില്‍ എല്ലാ സമ്പത്തും നഷ്ടപ്പെടും. അത് മനുഷ്യരാശിയുടെ ദാരിദ്ര്യമായി പരിണമിക്കും. നമ്മുടെ ഈ കാലഘട്ടത്തിന് ഇത് വിഘടനത്തിന്റെയും സ്വാര്‍ത്ഥതയുടെയും വലിയ വിപത്താണ്.

''വൃദ്ധലോകം'', ''യുവലോകം'' എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ അപ്രസക്തമാണ്. ലോകം ഒന്നേയുള്ളൂ. അത് പരസ്പരം സഹായിക്കുന്നതിനും പരസ്പരപൂരകങ്ങളാകുന്നതിനും വേണ്ടിയുള്ള വൈവിധ്യമുള്ള യാഥാര്‍ത്ഥ്യങ്ങളാല്‍ രൂപീകൃതമാണ്. തലമുറകളും ജനതകളും ഈ വൈവിധ്യങ്ങളില്‍ പെടുന്നു. വൈവിധ്യങ്ങളെയെല്ലാം സംയോജിപ്പിക്കുകയാണെങ്കില്‍ അവ വലിയൊരു വജ്രത്തിന്റെ പല മുഖങ്ങളായി മനുഷ്യന്റെയും സൃഷ്ടിയുടെയും അത്ഭുതകരമായ തേജസ്സ് വെളിപ്പെടുത്തും. ദൈവം നമുക്കു സമ്മാനിച്ച ഏറ്റവും മനോഹര നിധിയായ സ്‌നേഹത്തിന്റെ രത്‌നം നാം തകര്‍ത്തുകളയരുത്.

ജീവിതാസ്തമയ ഘട്ടത്തില്‍ പ്രായമായവര്‍ തനിച്ചാക്കപ്പെടുന്ന അവസ്ഥയില്‍, ദിവസങ്ങള്‍ തനിച്ചു തള്ളിനീക്കേണ്ടിവരും എന്ന ഭയം കൂടാതെ എല്ലാവര്‍ക്കും ജീവിക്കാന്‍ പറ്റുന്ന ഒരു ലോകമാണ് മെച്ചപ്പെട്ടത്. പ്രായം ചെന്നവര്‍ അവരുടെ നിരവധിയായ വര്‍ഷങ്ങളുടെ ജീവിതാനുഭങ്ങളാല്‍ ദീര്‍ഘദൃഷ്ടിയുള്ളവരും നിരവധി കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കാന്‍ സാധിക്കുന്നവരുമാണ്. യുദ്ധം ഭീകരമാണെന്നും അത് ഒരിക്കലും പാടില്ലാത്തതാണെന്നും മറ്റുമുള്ള തിരിച്ചറിവുണ്ടായത് മുത്തച്ഛന്‍ പങ്കുവച്ച ഒന്നാം ലോകമഹായുദ്ധാനുഭവങ്ങളില്‍ നിന്നാണ്. ഓര്‍മ്മയില്ലാത്ത ഒരു ലോകത്തിന്റെ ഓര്‍മ്മയാണ് മുത്തശ്ശീമുത്തച്ഛന്മാര്‍. ഓര്‍മ്മ നഷ്ടപ്പെട്ടാല്‍ അത് ഒരു സമൂഹത്തിന്റെ അന്ത്യമാണ്. മുത്തശ്ശീമുത്തച്ഛന്മാരെ അന്വേഷിക്കുക. അവരെ പാര്‍ശ്വവത്കരിക്കാതിരിക്കുക. അവരെ പാര്‍ശ്വവത്ക്കരിക്കുന്നത് വാര്‍ധക്യത്തെ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ഋതുക്കളെയും ദുഷിപ്പിക്കുന്നു.

  • (മുത്തശ്ശീമുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളും ഉള്‍പ്പെടുന്ന ആറായിരത്തോളം പേരടങ്ങിയ ഒരു സംഘത്തിനു ഏപ്രില്‍ 27 പോള്‍ ആറാമന്‍ ഹാളില്‍ വച്ചു നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org