അത്മായര്‍ സഭയില്‍ വിരുന്നുകാരല്ല, വീട്ടുകാര്‍

അത്മായര്‍ സഭയില്‍ വിരുന്നുകാരല്ല, വീട്ടുകാര്‍

സഭയുടെ എല്ലാ തലങ്ങളിലും അത്മായരും അജപാലകരും ഒന്നിച്ചു നടക്കാന്‍ സമയമായി. അത്മായവിശ്വാസികള്‍ സഭയില്‍ വിരുന്നുകാരല്ല, അവരുടെ വീടാണത്. സ്വന്തം വീടിനു കരുതലേകാന്‍ വിളിക്കപ്പെട്ടവരുമാണവര്‍.

ഇടവകകളുടെയും രൂപതകളുടെയും പ്രവര്‍ത്തനങ്ങളില്‍ അത്മായരുടെ, വിശേഷിച്ചും സ്ത്രീകളുടെ മാനവീകവും ആത്മീയവുമായ നൈപുണ്യങ്ങളും ദാനങ്ങളും കൂടുതല്‍ വില മതിക്കപ്പെടേണ്ടതുണ്ട്. തൊഴില്‍, സംസ്‌കാരം, രാഷ്ട്രീയം, കല, മാധ്യമം തുടങ്ങിയ മതേതര രംഗങ്ങളില്‍ അജപാലകര്‍ക്കൊപ്പം അവര്‍ ക്രൈസ്തവ സാക്ഷ്യം നല്‍കണം. കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും സന്യാസാര്‍ത്ഥികളുടെയും പരിശീലനത്തില്‍ അത്മായര്‍ അജപാലകരോടു സഹകരിക്കണം. വിവാഹാര്‍ത്ഥികളുടെ ഒരുക്കം, വിവാഹിതരെ അനുഗമിക്കല്‍ എന്നിവയിലും അത്മായരുടെ സഹകരണം ഉണ്ടാകണം. പ്രാദേശികവും ദേശീയവും സാര്‍വത്രികവുമായ പുതിയ അജപാലന സംരംഭങ്ങള്‍ തയ്യാറാക്കുമ്പോഴെല്ലാം അത്മായരുമായി കൂടിയാലോചന നടത്തണം.

അത്മായരുമായി അനുദിനം സഹകരിക്കുന്നതിനുള്ള പരിശീലനം അജപാലകര്‍ക്ക് സെമിനാരിയില്‍ നിന്നു തന്നെ ലഭിച്ചിരിക്കണം. അപ്രകാരം, അത്മായരുമായി കൂട്ടായ്മയിലുള്ള ജീവിതം അവര്‍ക്കൊരു സ്വാഭാവിക രീതിയായിരിക്കണം, അസാധാരണമോ സാന്ദര്‍ഭികമോ ആയി ഉണ്ടാകേണ്ടതല്ല.

ഒരു അജപാലകനു സംഭവിക്കാവുന്ന ഏറ്റവും മോശമായൊരു കാര്യം, താന്‍ ജനങ്ങള്‍ക്കിടയില്‍ നിന്നു വന്നു എന്ന കാര്യം മറക്കുന്നതാണ്. ഓര്‍മ്മയുടെ അഭാവം. ബൈബിളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരു വാക്കാണ് അവരോടു പറയാനുള്ളത്: ഓര്‍മ്മിക്കുക.

(വത്തിക്കാനിലെ സിനഡ് ഹാളില്‍, അത്മായ-അജപാലക സഹകരണത്തെ കുറിച്ചുള്ള സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org