അടിസ്ഥാനചികിത്സ ഇല്ലാത്തത് ഒരു 'സാമൂഹ്യവൈറസ്' ആണ്
രോഗം ഒരു ആഗോളപ്രതിഭാസമാണെന്നും വ്യക്തിപരമായ പ്രശ്‌നമല്ലെന്നും കോവിഡ് നമ്മെ പഠിപ്പിച്ചു. മനുഷ്യകുലത്തെയും ലോകത്തെയും ബാധിച്ചിരിക്കുന്ന ഇതര രോഗാവസ്ഥകളെ കുറിച്ചു ചിന്തിക്കാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. വ്യക്തിവാദവും അപരരോടുള്ള ഉദാസീനതയും ഉപഭോഗസംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നു. അതിന്റെ ഫലമായ അസമത്വങ്ങള്‍ ആരോഗ്യരംഗത്തും കാണാം. ചിലര്‍ മികച്ച ചികിത്സ കരസ്ഥമാക്കുകയും ചിലര്‍ക്ക് അടിസ്ഥാനചികിത്സ പോലും ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് ഒരു സാമൂഹ്യവൈറസ് ആണ്. സാഹോദര്യത്തിന്റെ സംസ്‌കാരം ആണ് ഇതിനുള്ള മറുമരുന്ന്. മനുഷ്യരെന്ന നിലയിലും ഏകദൈവത്തിന്റെ മക്കളെന്ന നിലയിലും നാമെല്ലാം തുല്യരാണെന്ന അവബോധമാണ് ഈ സംസ്‌കാരം വളര്‍ത്താന്‍ ആവശ്യമായുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഫലപ്രദമായ ചികിത്സ നല്‍കാന്‍ നാം പ്രാപ്തരാകും. എന്നാല്‍ നാം തുല്യരാണെന്ന ബോദ്ധ്യമില്ലെങ്കില്‍ ഇതു പ്രയോഗത്തിലെത്തില്ല.
സഹനമനുഭവിക്കുന്ന മനുഷ്യരോടൊപ്പം നില്‍ക്കുന്ന സഭയിലും സമൂഹത്തിലുമുള്ള എല്ലാവരിലേക്കും എന്റെ ചിന്ത കൃതജ്ഞതാപൂര്‍വം തിരിയുന്നു. രോഗീപരിചരണരംഗത്ത് കത്തോലിക്കാസഭ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മനുഷ്യവംശത്തിന്റെ നല്ല സമരിയാക്കാരനായ യേശുവിനെ പിന്തുടര്‍ന്ന്, സഹനമനുഭവിക്കുന്നവര്‍ക്കു വേണ്ടി സഭ തന്റെ മനുഷ്യശേഷിയും സാമ്പത്തികസ്രോതസ്സുകളും എപ്പോഴും പരമാവധി ചിലവഴിച്ചിട്ടുണ്ട്. സമഗ്രമാനവപരിചരണത്തിനുള്ള ഈ വിളിയും ദൗത്യവും കാലാനുസൃതമായി നവീകരിക്കണം.
ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്ന ചോദ്യം രോഗാവസ്ഥ ഉയര്‍ത്തുന്നുണ്ട്. ദൈവത്തിനു മുമ്പില്‍ നാം ഇതുന്നയിക്കുന്നു. ജീവിതത്തിന് പുതിയതും ആഴമേറിയതുമായ ഒരു ദിശാബോധം നാം തേടുന്നു. എന്നാല്‍ ഉടന്‍ ഒരുത്തരം നമുക്കു ലഭിക്കണമെന്നില്ല. ക്രിസ്തുവിന്റെ രക്ഷാകരസഹനത്തെ വിശ്വാസത്തിലൂടെ കണ്ടെത്തുന്ന മനുഷ്യന്‍ തന്റെ സഹനത്തിലും പുതിയ ഒരുള്ളടക്കവും പുതിയ അര്‍ത്ഥവും കണ്ടെത്തുന്നു.
(വിശ്വരോഗീദിനത്തിനു മുന്നോടിയായി പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തില്‍ നിന്ന്)