ദൈവത്തോട് സംസാരിക്കാന്‍ അനുദിനം സമയം മാറ്റിവയ്ക്കുക

ദൈവത്തോട് സംസാരിക്കാന്‍ അനുദിനം സമയം മാറ്റിവയ്ക്കുക
Published on

പ്രാര്‍ഥനയില്‍ ദൈവത്തോട് സംസാരിക്കാന്‍ അനുദിനജീവിതത്തില്‍ എല്ലാ ക്രൈസ്തവരും സമയം മാറ്റിവയ്ക്കണം. ദൈവവുമായുള്ള ബന്ധം അവഗണിക്കപ്പെടുന്നത് നല്ലതല്ല. പ്രാര്‍ഥനയ്ക്കും വിചിന്തനത്തിനും ധ്യാനത്തിനുമായി സമര്‍പ്പിച്ചിരിക്കുന്ന സമയം ഒരു ക്രിസ്ത്യാനിയുടെ ദിവസത്തിലും ആഴ്ചയിലും ഇല്ലാതാകാന്‍ പാടില്ല.

ദൈവവുമായുള്ള സംഭാഷണവും ശ്രവണവുമാണ് ക്രൈസ്തവജീവിതത്തിന്റെ അടിത്തറ. ശ്രവിക്കാനുള്ള സന്നദ്ധത നാം വളര്‍ത്തിയെടുക്കണം. അപ്പോള്‍ മാത്രമേ ദൈവവചനം നമ്മുടെ മനസ്സുകളിലേക്കും ഹൃദയങ്ങളിലേക്കും തുളച്ചിറങ്ങുകയുള്ളൂ. അതേസമയം നാം ദൈവത്തോട് സംസാരിക്കുകയും വേണം. ദൈവത്തിന് അറിയാവുന്ന കാര്യങ്ങള്‍ വീണ്ടും അവിടുത്തോടു പറയാനല്ല, മറിച്ച് നമ്മെ നമുക്കു തന്നെ വെളിപ്പെടുത്താനാണ് ഈ സംഭാഷണം.

തുടര്‍ച്ചയായ അവഗണനകൊണ്ട് സൗഹൃദ ങ്ങള്‍ ഇല്ലാതായി പോകാം. അതുപോലെതന്നെ ആത്മീയജീവിതത്തെ അവഗണിച്ചാല്‍ ദൈവവുമായുള്ള സൗഹൃദവും നഷ്ടപ്പെട്ടേക്കാം. യേശു നമ്മെ സൗഹൃദത്തിനായി ക്ഷണിക്കുമ്പോള്‍ ആ വിളിയോട് പ്രതികരിക്കാതിരിക്കരുത്. ദൈവവുമായുള്ള ആ സൗഹൃദമാണ് നമ്മുടെ രക്ഷ. ഈ സൗഹൃദം അനുദിനം ഉള്ള പ്രാര്‍ഥനയിലൂടെ ശക്തമാക്കപ്പെടുന്നു.

ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം നിലനിര്‍ത്തുന്നവര്‍ക്കു മാത്രമേ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുകയുള്ളൂ. നാം ദൈവത്തോട് സംസാരിക്കുന്നുവെങ്കില്‍ മാത്രമേ നമുക്ക് ദൈവത്തെക്കുറിച്ച് സംസാരിക്കാനും കഴിയുകയുള്ളൂ. ദൈവിക വെളിപാടിന് ആഴമേറിയ ഒരു സംഭാഷണ സ്വഭാവം ഉണ്ട്. നിശബ്ദതയുമായി അത് പൊരുത്തപ്പെടുന്നില്ല. ആശയവിനിമയം നടത്താന്‍ പ്രാപ്തമായ വാക്കുകള്‍ പരസ്പരം പറയപ്പെടുമ്പോള്‍ മാത്രമാണ് അത് പോഷിപ്പിക്കപ്പെടുന്നത്.

  • (ജനുവരി 14-ന് പോള്‍ ആറാമന്‍ ഹാളില്‍ പൊതു ദര്‍ശനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org