യേശുവിനെ അറിയുകയെന്നാല്‍ അനുഗമിക്കുക എന്നാണര്‍ത്ഥം

യേശുവിനെ അറിയുകയെന്നാല്‍ അനുഗമിക്കുക എന്നാണര്‍ത്ഥം

Published on

യേശുവിനെ അറിയുക എന്നാല്‍ അവിടുത്തെ ക്കുറിച്ച് ഏതാനും കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുക എന്നല്ല അര്‍ത്ഥം. മറിച്ച് അവിടുത്തെ അനുഗമിക്കുക, അവിടുന്നുമായി ഒരു ബന്ധം സ്ഥാപിക്കുക എന്നാണ്. യേശുവിനെ അറിയുന്നത് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുന്ന ഒരു കൂടിക്കാഴ്ചയാണ്. നമ്മള്‍ ആയിരിക്കുന്ന അവസ്ഥയെ അതു മാറ്റി തീര്‍ക്കുന്നു. നമ്മുടെ ചിന്താരീതിയെ മാറ്റുന്നു. സഹോദരങ്ങളുമായുള്ള നമ്മുടെ ബന്ധത്തെ പരിവര്‍ത്തിപ്പിക്കുന്നു. ക്ഷമിക്കാനും ക്ഷമ സ്വീകരിക്കാനും ഉള്ള നമ്മുടെ സന്നദ്ധതയെ നവീകരിക്കുന്നു. ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളെ മാറ്റുന്നു. യേശുവിനെ നാം ശരിയായി അറിഞ്ഞാല്‍ അത് നമ്മെ അടിമുടി മാറ്റും.

യേശു എനിക്കാരാണ്, എന്റെ ജീവിതത്തില്‍ അവിടുത്തേക്കുള്ള സ്ഥാനം എന്താണ് എന്ന് സ്വയം ചോദിക്കുക. അതു പ്രധാനമാണ്. യേശുവിനെ നാം വാക്കില്‍ മാത്രമാണോ അനുഗമിക്കുന്നത്? ലൗകിക മനോഭാവത്തോടെ ആണോ നാം അവിടുത്തെ അനുഗമിക്കുന്നത്? അതോ യേശുവുമായിട്ടുള്ള സമാഗമം നമ്മുടെ ജീവിതത്തെ പരിവര്‍ത്തിപ്പിക്കാന്‍ നാം അനുവദിക്കുന്നുണ്ടോ?

ഞാനാരാണെന്നാണ് നിങ്ങള്‍ കരുതുന്നത് എന്ന ചോദ്യത്തിന് ശിഷ്യന്മാര്‍ക്കുവേണ്ടി പത്രോസ് ശ്ലീഹ ഉത്തരം നല്‍കുന്നു: 'നീ ക്രിസ്തുവാകുന്നു.' പക്ഷേ, തന്നെ കാത്തിരിക്കുന്ന സഹനത്തെയും മരണത്തെയും കുറിച്ച് ക്രിസ്തു പറയാന്‍ തുടങ്ങുമ്പോള്‍ അതേ പത്രോസ് ശ്ലീഹ എതിര്‍ക്കുന്നു. അപ്പോള്‍ പത്രോസിനെ രൂക്ഷമായ വാക്കുകളോടെയാണ് ക്രിസ്തു തിരുത്തുന്നത്.

ക്രിസ്തുവിനെ ശരിക്കും അറിയാമോ എന്ന് സ്വയം ചോദിക്കാന്‍ നമ്മെ ഓരോരുത്തരെയും ഈ ബൈബിള്‍ ഭാഗം പ്രേരിപ്പിക്കുന്നു. പത്രോസിന്റെ ഉത്തരം ശരിയായിരുന്നു. പക്ഷേ, മനോഭാവം മാറിയിട്ടില്ലായിരുന്നു.

പത്രോസിന് മനപരിവര്‍ത്തനം ഉണ്ടാകേണ്ടിയിരുന്നു. ഇത് നമുക്കെല്ലാമുള്ള സുപ്രധാനമായ ഒരു സന്ദേശമാണ്. നാം ദൈവത്തെക്കുറിച്ച് കുറെ കാര്യങ്ങളെല്ലാം പഠിച്ചിട്ടുണ്ട്. വിശ്വാസ സത്യങ്ങള്‍ നമുക്കറിയാം. പ്രാര്‍ത്ഥനകള്‍ നാം ശരിയായി ചൊല്ലുന്നു.

യേശു നിനക്കാരാണ് എന്ന ചോദ്യത്തിന് മതബോധനത്തില്‍ പഠിച്ച ഉത്തരങ്ങളും നല്‍കുന്നു. പക്ഷേ യേശുവിനെ നമുക്ക് ശരിക്കും അറിയാമെന്ന് ഇതെല്ലാം ഉറപ്പാക്കുന്നുണ്ടോ?

  • (സെപ്റ്റംബര്‍ 15 ന് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്നും)

logo
Sathyadeepam Online
www.sathyadeepam.org