
അനുവദിച്ചു കൊടുക്കാനാകാത്ത എതിര്‍പ്പുകളുണ്ടാകുമ്പോള്‍ കോപാകുലരാകുക എന്നത് നൈസര്‍ഗിക വാസനയാണ്. 'എഴുന്നേറ്റ് അടുത്ത ഗ്രാമത്തിലേയ്ക്കു പോയ' യേശുവിനെ പോലെ സ്വയം നിയന്ത്രിക്കുക എന്നതാണു ദുഷ്കരമായിട്ടുള്ളത്. എതിര്‍പ്പുണ്ടാകുമ്പോള്‍ പ്രതികാരത്തിനു മുതിരാതെ വേറെ എവിടേയ്ക്കെങ്കിലും പോയി നന്മ ചെയ്യുക. ഇതാണ് യേശു കാണിച്ചു തന്ന മാര്‍ഗം. മനുഷ്യരുടെ അംഗീകാരമല്ല അവിടുന്ന് തേടിയത്.
എതിര്‍പ്പുണ്ടാകുമ്പോള്‍ രോഷം പ്രകടിപ്പിക്കുന്നത് നീതിബോധത്തിന്റെ ഫലമാണെന്നു ചിലര്‍ ചിന്തിച്ചേക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ അത് അഹങ്കാരവും ദൗര്‍ബല്യവും അക്ഷമയും വികാരചാപല്യവും മാത്രമാണ്. അതുകൊണ്ട് നമുക്ക് യേശുവിനെ പോലെ കരുത്തുള്ളവരാകുകയും പ്രതികാരത്തിനോ അസഹിഷ്ണുതയ്ക്കോ കീഴ്പ്പെടാതെ സേവനത്തിലേയ്ക്കു തിരിയുകയും ചെയ്യുക. എതിര്‍പ്പുണ്ടാകുമ്പോള്‍ കരുത്തിനു വേണ്ടി ദൈവത്തോടു യാചിക്കുകയാണോ മനുഷ്യരുടെ കയ്യടികള്‍ തേടുകയാണോ ചെയ്യുകയെന്ന് ആത്മപരിശോധന ചെയ്യുക. മിക്കപ്പോഴും നാം ബോധപൂര്വകമായോ ആല്ലാതെയോ കയ്യടികളും മറ്റുള്ളവരുടെ അംഗീകാരവും തേടുകയാണു ചെയ്യുക. അതുകൊണ്ടു കാര്യമില്ല. കയ്യടികള്‍ നോക്കാതെ മറ്റുള്ളവര്‍ക്കായി നന്മ ചെയ്യുകയാണ് ആവശ്യം.