
ഹൃദയങ്ങളിലെയും മനുഷ്യബന്ധങ്ങളിലെയും രാഷ്ട്രങ്ങള്‍ക്കിടയിലെയും അതിര്‍ത്തികള്‍ തുറക്കുവാന്‍ ക്രിസ്ത്യാനികളെ ശക്തിപ്പെടുത്തുന്നു എന്നതാണ് ക്രൈസ്തവരുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം.
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആത്മാവിനെ നമുക്ക് ക്ഷണിക്കാം. പരിശുദ്ധാത്മാവ്് അതിര്‍ത്തികള്‍ തുറക്കുകയും മതിലുകള്‍ തകര്‍ക്കുകയും വിദ്വേഷത്തെ തിരസ്‌കരിക്കുകയും ചെയ്യട്ടെ. അങ്ങനെ സ്വര്‍ഗീയ പിതാവിന്റെ മക്കളായി നമുക്ക് ജീവിക്കാം.
പ്രിയ സഹോദരങ്ങളെ, പന്തക്കുസ്ത സഭയെയും ലോകത്തെയും നവീകരിക്കുന്നു. പരിശുദ്ധാത്മാവിന്റെ കൊടുങ്കാറ്റ് നമ്മുടെ മേല്‍ വരികയും നമ്മുടെ ഹൃദയങ്ങളുടെ അതിര്‍ത്തികളെ തുറക്കുകയും ദൈവവുമായി കണ്ടുമുട്ടുന്നതിനുള്ള കൃപ നമുക്ക് നല്‍കുകയും ചെയ്യട്ടെ. പരിശുദ്ധാത്മാവ് നമ്മുടെ സ്‌നേഹത്തിന്റെ ചക്രവാളങ്ങളെ വികസിപ്പിക്കുകയും സമാധാനം വിളയാടുന്ന ഒരു ലോകനിര്‍മ്മിതിക്കായുള്ള നമ്മുടെ പരിശ്രമങ്ങളെ നിലനിര്‍ത്തുകയും ചെയ്യട്ടെ.
സഭ എപ്പോഴും പുതുതാക്കപ്പെട്ടു കൊണ്ടിരിക്കണം. ജനതകള്‍ക്കിടയിലെ അതിരുകളെ സഭ തുറക്കുകയും വര്‍ഗ-വംശ വേര്‍തിരിവുകള്‍ തകര്‍ക്കുകയും വേണം. ഉദാസീനതയുടെയും വെറുപ്പിന്റെയും മതിലുകളെ പരിശുദ്ധാത്മാവ് തകര്‍ക്കുന്നു. സ്‌നേഹമുള്ളിടത്ത് മുന്‍വിധികള്‍ക്ക് ഇടമില്ല.
നമ്മെ അയല്‍ക്കാരില്‍ നിന്ന് വേര്‍തിരിക്കുന്ന സുരക്ഷിത മേഖലകള്‍ക്കോ തിരസ്‌കരിക്കുന്ന മനോഭാവങ്ങള്‍ക്കോ അവിടെ സ്ഥാനമില്ല. ദൗര്‍ഭാഗ്യവശാല്‍ രാഷ്ട്രദേശീയതകള്‍ ഉയര്‍ന്നു വരുന്നതാണ് നാം കാണുന്നത്.
യുദ്ധങ്ങള്‍ ഉള്ളിടത്തെല്ലാം ഉത്ഥിതനായ ക്രിസ്തുവിന്റെ ആത്മാവ് അനുരഞ്ജനത്തിന്റെ പാതകള്‍ തുറക്കട്ടെ. ഭരണകൂടങ്ങളെ ആത്മാവ് പ്രകാശിപ്പിക്കട്ടെ. സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും കര്‍മ്മങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് ധൈര്യം പകരട്ടെ.
(ജൂണ്‍ എട്ടിന് പന്തക്കുസ്ത തിരുനാളില്‍ സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ തീര്‍ഥാടകര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ നിന്നും)