
വ്യക്തിപരമായ ആരോഗ്യസംരക്ഷണം ഒരു ധാര്‍മ്മികബാദ്ധ്യതയാണ്. വ്യക്തിപരമായി നമുക്ക് ഓരോരുത്തര്‍ക്കും നമ്മെയും നമ്മുടെ ആരോഗ്യത്തെയും പരിപാലിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. അതു ചുറ്റുമുള്ളവരോടുള്ള നമ്മുടെ ആദരവായി പരാവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. കോവിഡ് പ്രതിരോധ കുത്തിവയ്പ് പരമാവധി ജനങ്ങളിലേയ്‌ക്കെത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരേണ്ടതുണ്ട്.
ശക്തമായ പ്രത്യയശാസ്ത്ര ഭിന്നതകളുടെ ലോകത്താണു നാം ജീവിക്കുന്നത്. വസ്തുതാവിരുദ്ധമായ വിവരങ്ങളുടെയോ തെറ്റായി എഴുതപ്പെട്ട കാര്യങ്ങളുടെയോ അടിസ്ഥാനത്തില്‍ പ്രത്യയശാസ്ത്രങ്ങളാല്‍ സ്വാധീനിക്കപ്പെടുന്ന ആളുകളുണ്ട്. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുമായി യുക്തിസഹമായ ബന്ധം സ്ഥാപിക്കുന്നതിനു പ്രത്യയശാസ്ത്രങ്ങള്‍ പലപ്പോഴും തടസ്സമാകുന്നു. എന്നാല്‍ മഹാമാരി 'യാഥാര്‍ത്ഥ്യം കൊണ്ടു ചികിത്സിക്ക'പ്പെടാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. മുമ്പിലുള്ള പ്രശ്‌നത്തെ അഭിമുഖീകരിക്കാനും പരിഹരിക്കാനും അനുയോജ്യമായ പ്രതിവിധികള്‍ തേടാനും അതു നമ്മെ സഹായിക്കുന്നു.
പ്രതിരോധകുത്തിവയ്പുകള്‍ രോഗശാന്തിയ്ക്കുള്ള മാന്ത്രികമാര്‍ഗമല്ല. എങ്കിലും രോഗം തടയുന്നതിനുള്ള ന്യായമായ പരിഹാരമാര്‍ഗങ്ങളാണവ. അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തു നിന്നു സമഗ്രമായ പ്രതിബദ്ധത ആവശ്യമാണ്. ലോകജനതയ്ക്കു മുഴുവന്‍ അത്യാവശ്യമായ രോഗപരിചരണത്തിനും പ്രതിരോധ കുത്തിവയ്പുകള്‍ക്കും അതു തുല്യമായ അവസരം നല്‍കും.
(പുതുവത്സരദിനത്തില്‍ ലോകരാജ്യങ്ങളുടെ വത്തിക്കാന്‍ സ്ഥാനപതിമാരോടു നടത്തിയ പ്രസംഗത്തില്‍ നിന്ന്)