സുവിശേഷം ആശയമോ പ്രത്യയശാസ്ത്രമോ അല്ല, ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന പ്രഘോഷണം

സുവിശേഷം ആശയമോ പ്രത്യയശാസ്ത്രമോ അല്ല, ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന പ്രഘോഷണം
Published on

യാഥാസ്ഥിതികരുടെയോ പുരോഗമനവാദികളുടെയോ അഭിപ്രായങ്ങള്‍ക്കനുസരിച്ചല്ല, സുവിശേഷപ്രഘോഷണത്തിനാവശ്യമായ കാര്യങ്ങള്‍ക്കനുസരിച്ചായിരിക്കണം സഭയില്‍ എല്ലാമുണ്ടാകേണ്ടത്. യാഥാസ്ഥിതികരെന്നും പുരോഗമനവാദികളെന്നും ഉള്ള പ്രത്യയശാസ്ത്രവിഭാഗീയതകള്‍ സഭയിലുണ്ടാകുമ്പോള്‍, എവിടെയാണു പരിശുദ്ധാത്മാവ്? സുവിശേഷം ഒരു ആശയമല്ല, പ്രത്യയശാസ്ത്രമല്ല. ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ഹൃദയങ്ങളെ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രഘോഷണമാണത്. സഭയെ രാഷ്ട്രീയകക്ഷിയോ പ്രത്യയശാസ്ത്രമോ ക്ലബോ ആക്കരുത്.

സഭയിലെ എല്ലാ തീരുമാനങ്ങളും സംവിധാനങ്ങളും പാരമ്പര്യങ്ങളും വിലയിരുത്തപ്പെടേണ്ടത് ക്രിസ്തുവിന്റെ പ്രഘോഷണത്തിന് അത് അനുയോജ്യമാണോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം. സഭയുടെ പാതയില്‍ എപ്പോഴും പ്രകാശം ചൊരിയുന്നത് പരിശുദ്ധാത്മാവാണ്. വ്യക്തതയും വിവേചനശേഷിയും നല്‍കുന്നത് പരിശുദ്ധാത്മാവാണ്. അതിനാല്‍ പരിശുദ്ധാത്മാവിനെ കൂടെക്കൂടെ വിളിച്ചുവരുത്തണം.

വിജാതീയരെ സഭയില്‍ ചേര്‍ക്കണോ എന്ന തര്‍ക്കമുണ്ടായപ്പോള്‍ അപ്പസ്‌തോലന്മാര്‍ ആദ്യസൂനഹദോസിനായി ഒന്നിച്ചു കൂടി. പാരമ്പര്യത്തിനും ആധുനീകരണത്തിനുമിടയില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാനുള്ള സാദ്ധ്യത അവിടെയുണ്ടായിരുന്നു. ചില നിയമങ്ങള്‍ പാലിക്കുക, ചിലതു വിട്ടു കളയുക എന്ന മട്ടില്‍. എന്നാല്‍ അവര്‍ ചെയ്തത് പരിശുദ്ധാത്മാവിന്റെ ഹിതം തേടുക എന്നതാണ്. സഭയില്‍ നമുക്ക് എല്ലാ സംവിധാനങ്ങളുമുണ്ട്. എന്നാല്‍, പരിശുദ്ധാത്മാവില്ലെങ്കില്‍ എല്ലാം ആത്മാവില്ലാത്തതായി മാറും. ആത്മാവാണ് സഭയ്ക്കു ജീവന്‍ പകരുന്നത്. പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കുകയും അവനെ വിളിക്കുകയും ചെയ്യുന്നില്ലെങ്കില്‍, സഭ വന്ധ്യവും തര്‍ക്കങ്ങളാല്‍ ക്ഷീണിതവും ധ്രുവീകരണങ്ങള്‍ക്കു വിധേയവുമാകുകയും മിഷന്റെ ജ്വാല അണഞ്ഞുപോകുകയും ചെയ്യും.

(പോള്‍ ആറാമന്‍ ഹാളില്‍, നോമ്പുകാലത്തെ ആദ്യ പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org