സ്വത്തുവകകളോടുള്ള ആര്‍ത്തി മനുഷ്യരെ നശിപ്പിക്കുന്ന രോഗം

സ്വത്തുവകകളോടുള്ള ആര്‍ത്തി മനുഷ്യരെ നശിപ്പിക്കുന്ന രോഗം

എന്താണ് അത്യാഗ്രഹം? അതു സ്വത്തുവകകളോടുള്ള കടിഞ്ഞാണില്ലാത്ത ആര്‍ത്തിയാണ്. സമ്പത്തുണ്ടാക്കാനുള്ള നിരന്തരമായ ആഗ്രഹം. ഇതു മനുഷ്യരെ നശിപ്പിക്കുന്ന ഒരു രോഗമാണ്. കാരണം, ഇതൊരു ആസക്തിയായി മാറുന്നു. എത്രയധികം സ്വന്തമാക്കിയാലും സംതൃപ്തി ഉണ്ടാകുകയില്ല. അധികമധികം ആഗ്രഹിച്ചുകൊണ്ടിരിക്കും. ആ വ്യക്തിയ്ക്ക് ഇതില്‍ നിന്നൊരു മോചനമുണ്ടാകുകയില്ല. തനിക്കു സ്വതന്ത്രമായും സമാധാനമായും ജീവിക്കാനുള്ള വകയെന്ന് സ്വയം കരുതുന്ന സ്വത്തിന്റെ അടിമയായി അയാള്‍ മാറുമെന്നതാണ് ഇതിലെ വൈരുദ്ധ്യം. ധനത്താല്‍ സേവിക്കപ്പെടുക എന്നതിനേക്കാള്‍ ധനത്തിന്റെ സേവകനായി മാറുക എന്ന വൈരുദ്ധ്യം. അത്യാഗ്രഹമെന്ന ഈ രോഗം സമൂഹത്തെയും ബാധിക്കാം.

ആത്മപരിശോധന നടത്തുക. ഇല്ലാത്തതിനെ കുറിച്ചുള്ള പരാതികളാണോ ഉള്ളതിനെ കുറിച്ചുള്ള സംതൃപ്തിയാണോ എന്റെയുള്ളിലുള്ളത്? പണത്തിനോ അവസരങ്ങള്‍ക്കോ വേണ്ടി ബന്ധങ്ങള്‍ ത്യജിക്കാന്‍ ഞാന്‍ പ്രേരിപ്പിക്കപ്പെടുന്നുണ്ടോ? അത്യാഗ്രഹത്തിന്റെ അള്‍ത്താരയില്‍ ന്യായവും സത്യസന്ധതയും ഞാന്‍ ബലി കഴിക്കുന്നുണ്ടോ?

സമ്പന്നനാകാനുള്ള ആഗ്രഹം ഉണ്ടാകാന്‍ പാടില്ലെന്നാണോ ഇതിനര്‍ത്ഥം? അല്ല. സമ്പത്ത് ആഗ്രഹിക്കുന്നുത് ന്യായമാണ്. സമ്പന്നരാകുന്നതു മനോഹരമാണ്, ദൈവത്തിന് അനുസൃതമായ സമ്പത്ത്. ദൈവമാണ് ഏറ്റവും സമ്പന്നന്‍. അനുകമ്പയിലും കാരുണ്യത്തിലും അവിടുന്നു സമ്പന്നനാണ്. അവിടുത്തെ സമ്പത്ത് ആരേയും നശിപ്പിക്കുന്നില്ല, കലഹങ്ങളോ ശണ്ഠയോ ഉണ്ടാക്കുന്നില്ല. നല്‍കാനും പങ്കുവയ്ക്കാനും അറിയുന്ന സമ്പന്നതയാണത്. ഭൗതികവസ്തുക്കള്‍ കുന്നുകൂട്ടിയതുകൊണ്ട് നന്നായി ജീവിക്കാനാകില്ല. നല്ല ജീവിതം നല്ല ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നു - ദൈവവുമായും മറ്റുള്ളവരുമായും സമ്പത്തില്ലാത്തവരുമായും ഉള്ള നല്ല ബന്ധങ്ങളെ.

അതുകൊണ്ടു സ്വയം ചോദിക്കുക - എപ്രകാരമാണു ഞാന്‍ സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നത്? ദൈവത്തിന് അനുസരിച്ചോ, എന്റെ അത്യാഗ്രഹത്തിന് അനുസരിച്ചോ? എന്തു പൈതൃകമാണ് ഞാന്‍ ഇവിടെ അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്? ബാങ്കിലെ പണമോ വസ്തുക്കളോ അഥവാ സന്തോഷമുള്ള മനുഷ്യരോ വിസ്മരിക്കപ്പെടാത്ത നന്മപ്രവൃത്തികളോ വളരാനും പക്വതയാര്‍ജിക്കാനും ഞാന്‍ സഹായിച്ച മനുഷ്യരോ? ജീവിതത്തിനു ശരിക്കും നന്മയായത് എന്തെന്നും നിലനില്‍ക്കുന്നത് എന്തെന്നും മനസ്സിലാക്കാന്‍ പ.മാതാവ് നമ്മെ സഹായിക്കട്ടെ.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org