ദരിദ്രര്‍ക്കിടയില്‍ യേശു നമ്മെ കാത്തു നില്‍ക്കുന്നു

ദരിദ്രര്‍ക്കിടയില്‍ യേശു നമ്മെ കാത്തു നില്‍ക്കുന്നു

നാം ഒരുപാടു വാദിക്കുന്നു, ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ക്രൂശിതന്റെ മുമ്പില്‍ നിന്ന് എന്നതിനേക്കാല്‍ കമ്പ്യൂട്ടറില്‍ നിന്ന് ഉത്തരങ്ങള്‍ തേടുന്നു; നമ്മുടെ സഹോദരങ്ങളുടെ കണ്ണുകളില്‍ നിന്നെന്നതിനേക്കാള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നാം പ്രതികരിക്കുകയും സംവദിക്കുകയും സിദ്ധാന്തങ്ങളുണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍, ഒരു പാവപ്പെട്ടവന്റെ പോലും പേരറിയില്ല. മാസങ്ങളായി ഒരു രോഗിയെ പോലും സന്ദര്‍ശിച്ചിട്ടില്ല. വിശക്കുന്നവര്‍ക്കു ഭക്ഷണമോ വസ്ത്രമില്ലാത്തവര്‍ക്കു വസ്ത്രമോ ഒരിക്കലും നല്‍കിയിട്ടില്ല. സഹായമര്‍ഹിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ചിട്ടില്ല. ദരിദ്രരെ എപ്രകാരം പരിഗണിച്ചുവെന്നതനുസരിച്ചാണ് നാം വിധിക്കപ്പെടുക എന്ന യേശുവിന്റെ വാക്കുകള്‍ നാം ഗൗരവത്തിലെടുക്കുന്നില്ല. അന്തിമവിധിയെ കുറിച്ചുള്ള സുവിശേഷത്തിലെ വാക്കുകള്‍ നമ്മെ മരണത്തിനായി ഒരുങ്ങാന്‍ സഹായിക്കുന്നവയാണ്. ദരിദ്രവും മുറിവേറ്റിരിക്കുന്നതുമായ ഈ ലോകത്തില്‍ ദൈവം നമ്മെ കാത്തിരിക്കുന്നു. ദൈവത്തിന്റെ പ്രതീക്ഷകള്‍ക്കു മുമ്പില്‍ ലോകത്തിന്റെ പ്രതീക്ഷകള്‍ വയ്ക്കുക എന്നത് നിരന്തരമായ ഒരു അപകടസാദ്ധ്യതയാണ്. കാര്യമായ കാര്യത്തില്‍ നിന്നു കാഴ്ച നഷ്ടപ്പെടാന്‍ ഇതിടയാക്കുന്നു.

മികച്ച തൊഴിലുകളും മഹത്തായ നേട്ടങ്ങളും അന്തസ്സേറിയ പദവികളും അംഗീകാരങ്ങളും കുന്നുകൂട്ടിയ സമ്പത്തും എല്ലാം ഒരു നിമിഷം ഇല്ലാതാകും. നമ്മുടെ ആഗ്രഹങ്ങളില്‍ സ്വര്‍ഗത്തിന്റെ സ്ഥാനമെന്ത് എന്നതു ചിന്തിക്കാനുള്ള ഉചിതമായ അവസരമാണ് എല്ലാ ആത്മാക്കളുടെയും ഓര്‍മ്മയാചരണം.

(മരിച്ചവരുടെ ഓര്‍മ്മദിവസം ദിവ്യബലിയര്‍പ്പിച്ചു നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org