ചെറിയ അനുദിനകാര്യങ്ങളില്‍ ദൈവം സന്നിഹിതനാണ്

ചെറിയ അനുദിനകാര്യങ്ങളില്‍ ദൈവം സന്നിഹിതനാണ്
Published on

എല്ലായ്‌പോഴും നമ്മുടെ മനസ്സില്‍ വയ്ക്കുക: ദൈവം നമ്മുടെ ജീവിതത്തില്‍ മറഞ്ഞിരിപ്പുണ്ട്. ജീവിതത്തിലെ ഏറ്റവും സാധാരണമായ കാര്യങ്ങളിലും ദൈവം ഉണ്ട്. അത്യസാധാരണ സംഭവങ്ങളിലൂടെയല്ല, അനുദിന കാര്യങ്ങളിലൂടെയാണ് ദൈവം വരുന്നത്. യാദൃശ്ചികമായ ഒരു കണ്ടുമുട്ടലില്‍, സഹായമര്‍ഹിക്കുന്ന ആരുടെയെങ്കിലും മുമ്പില്‍, നാം സ്വയം വളരെ വിരസമായ ദിവസങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, അവിടെയൊക്കെ.യാണു നമ്മോടു സംസാരിക്കുകയും നമ്മുടെ കര്‍മ്മങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ദൈവത്തെ നാം കണ്ടുമുട്ടുന്നത്.

എങ്ങനെയാണു ദൈവത്തെ നമുക്കു തിരിച്ചറിയാനും സ്വാഗതം ചെയ്യാനും സാധിക്കുക? നാം ഉണര്‍വോടെ, ജാഗരൂകരായിരിക്കണം. ഇതു പ്രധാനമാണ്. ക്രിസ്തു നമുക്കരികിലൂടെ കടന്നു പോകുകയും നാം തിരിച്ചറിയാതിരിക്കുകയും ചെയ്‌തേക്കാമെന്നു താന്‍ ഭയപ്പെടുന്നതായി വി. അഗസ്റ്റിന്‍ ഒരു പ്രഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്.

നോഹയുടെ കാലത്ത് പ്രളയം വരുന്നത് അറിയാതെ പോയ ജനങ്ങളെ കുറിച്ച് യേശു തന്റെ ശിഷ്യന്മാരെ ഓര്‍മ്മിപ്പിച്ചിരുന്നു. സ്വന്തം കാര്യങ്ങളില്‍ വല്ലാതെ മുഴുകിപ്പോയ അവര്‍ പ്രളയം വരുന്നതു മനസ്സിലാക്കിയില്ല. ഈ ആഗമനകാലത്ത് നാം നമ്മുടെ ഉദാസീനതയെ കുടഞ്ഞു കളയുകയും മയക്കം വിട്ടുണരുകയും വേണം. നാം ഉണര്‍ന്നിരിപ്പുണ്ടോ, ജാഗരൂകരാണോ, ദൈനംദിനസാഹചര്യങ്ങളില്‍ ദൈവത്തെ തിരിച്ചറിയുന്നുണ്ടോ എന്നെല്ലാം നമുക്ക് സ്വയം ചോദിക്കാം.

ഇന്ന് അവന്‍ വരുന്നതു നാം കാണുന്നില്ലെങ്കില്‍, യുഗാന്ത്യത്തില്‍ അവന്‍ വരുമ്പോള്‍ നാം ഒരുക്കമില്ലാത്തവരായിരിക്കും. അതുകൊണ്ട്, സഹോദരങ്ങളേ, നമുക്കു ജാഗരൂകരായിരിക്കാം.

(ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ച സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കു ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org