വിലയിരുത്താനും തിരഞ്ഞെടുക്കാനും ദൈവം നമ്മെ ക്ഷണിക്കുന്നു. അവിടുന്നു നമ്മെ സ്വതന്ത്രരായി സൃഷ്ടിച്ചു. നമ്മുടെ സ്വാതന്ത്ര്യം നാം വിനിയോഗിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഇത് ആയാസകരമായ കാര്യമാണ്.
നല്ലതെന്നു തോന്നി നാം തിരഞ്ഞെടുക്കുന്ന ചിലത് അങ്ങനെ ആയിരിക്കില്ല. യഥാര്‍ത്ഥത്തില്‍ ഗുണകരമായതെന്ത് എന്ന് അറിഞ്ഞിരുന്നിട്ടും നാം അതു തിരഞ്ഞെടുക്കാതിരിക്കുകയും ചെയ്‌തേക്കാം. മൃഗങ്ങള്‍ക്ക് ഇതു സംഭവിക്കില്ല. മനുഷ്യനു തെറ്റു പറ്റാം. അവന്‍ ശരിയായതു തെരഞ്ഞെടുത്തേക്കില്ല. കാരണം, സ്വാതന്ത്ര്യമുണ്ട്. ബൈബിളിന്റെ ആദ്യതാളുകള്‍ മുതല്‍ നാം അതു കാണുന്നുണ്ട്. മനുഷ്യന്‍ ഓരോ ചുവടുവയ്പിലും എന്തു തീരുമാനമാണെടുക്കേണ്ടത് എന്നതു വിവേചിച്ചറിയണം. ഒരു തീരുമാനമെടുക്കുന്നതിനു മുമ്പു മനസ്സും ഹൃദയവും കൊണ്ടു നാം നടത്തേണ്ട പരിചിന്തനമാണ് വിവേചനം.
വിവേചനബുദ്ധി പുലര്‍ത്തുക എന്ന് ആയാസകരമായ കാര്യമാണ്. എന്നാല്‍, ജീവിക്കാന്‍ അത് അത്യന്താപേക്ഷിതമാണ്. ദൈവം നമ്മുടെ പിതാവാണ്. അവിടുന്ന് നമ്മെ ഒറ്റയ്ക്കാക്കുന്നില്ല. നമുക്ക് ഉപദേശവും പ്രോത്സാഹനവും പകരാന്‍ അവിടുന്ന സദാ സന്നദ്ധമാണ്. എന്നാല്‍ അവിടുന്ന് ഒരിക്കല്‍ പോലും ഒന്നും അടിച്ചേല്‍പിക്കുന്നില്ല. കാരണം, സ്‌നേഹിക്കപ്പെടാനാണ് ഭയപ്പെടുത്തുന്നവനാകാനല്ല അവിടുന്ന് ആഗ്രഹിക്കുന്നത്. നാം അടിമകളല്ല, മക്കളായിരിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അതിനാല്‍ വിവേചിച്ചറിയുക അത്യാവശ്യമാണ്. തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വരുമ്പോള്‍ നമുക്കു പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കാം.
(പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)