അന്ധകാരത്തിന്റെ കാലത്തും ദൈവം നമ്മോടു കൂടെയുണ്ട്

അന്ധകാരത്തിന്റെ കാലത്തും ദൈവം നമ്മോടു കൂടെയുണ്ട്

പ്രതിസന്ധികളും പരീക്ഷണങ്ങളും വരുമ്പോള്‍ നിങ്ങളുടെ ഹൃദയം ദൈവത്തിലേയ്ക്കു തിരിക്കുക. നിങ്ങള്‍ തേടാത്തപ്പോഴും ദൈവം നിങ്ങള്‍ക്കരികിലുണ്ട്. വിശ്വാസമുണ്ടായിരിക്കുക എന്നതിനര്‍ത്ഥം, ദൈവത്തിലേയ്ക്കും അവിടുത്തെ സ്‌നേഹത്തിലേക്കും പിതാവെന്ന നിലയിലുള്ള അവിടുത്തെ ആര്‍ദ്രതയിലേയ്ക്കും ഹൃദയം തിരിച്ചു വയ്ക്കുക എന്നതാണ്. തോണി കാറ്റിലുലഞ്ഞപ്പോള്‍ പത്രോസിനെയും മറ്റു ശിഷ്യരെയും യേശു പഠിപ്പിക്കാനുദ്ദേശിച്ച പാഠമിതാണ്. ഇന്നത്തെ സംഘര്‍ഷങ്ങളുടെ കാലത്ത് അവിടുന്നു നമ്മെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല.
നാം അവിടുത്തെ തേടാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ അവിടുന്ന് നമുക്കരികില്‍ ഉണ്ടായിരുന്നു. നമ്മുടെ വീഴ്ചകളില്‍ നിന്ന് അവിടുന്നു നമ്മെ പിടിച്ചുയര്‍ത്തുകയും വിശ്വാസത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ വിശ്വാസം ദുര്‍ബലമാണെന്നും നമ്മുടെ മാര്‍ഗങ്ങള്‍ വിപരീതശക്തികള്‍ തടസ്സപ്പെടുത്തുന്നുണ്ടെന്നും ദൈവത്തിനറിയാം. പക്ഷേ അവിടുന്ന് ഉത്ഥിതനാണ്. അതു മറക്കരുത്. നമ്മെ സുരക്ഷിതരാക്കുന്നതിനു വേണ്ടി മരണത്തിലൂടെ കടന്നു പോയവനാണ് അവന്‍.
കൊടുങ്കാറ്റില്‍ ഉലഞ്ഞ ശിഷ്യരുടെ തോണി സഭയുടെ പ്രതീകമാണ്. സഭ എല്ലാ കാലത്തും കൊടുങ്കാറ്റുകളില്‍ പെടാറുണ്ട്. ചിലപ്പോള്‍ അതീവകഠിനമായിരിക്കും പരീക്ഷണങ്ങള്‍. അത്തരം സാഹചര്യങ്ങളില്‍ ദൈവം തന്നെ ഉപേക്ഷിച്ചുവെന്നു ചിന്തിക്കാന്‍ സഭ പ്രലോഭിപ്പിക്കപ്പെടാറുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ അത്തരം സന്ദര്‍ഭങ്ങളിലാണ് വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സാക്ഷ്യം ഏറ്റവും പ്രശോഭിക്കുന്നത്.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org